
പോത്തൻകോട്: വെള്ളൂർ ജമാഅത്തിലെ കോട്ടുപ്പ പള്ളിയിൽ ഉറൂസിന് കൊടിയേറി. ഇന്നലെ വൈകിട്ട് 6.30ന് അണ്ടൂർക്കോണം ശുഹുബുദ്ദീൻ കോയ തങ്ങൾ കൊടിയേറ്റൽ ചടങ്ങിന് നേതൃത്വം നൽകി. ഇമാം ഹാഷിം സഖാഫി, ഷിഹാബുദ്ദീൻ മുസ്ലിയാർ, പരിപാലന സമിതി പ്രസിഡന്റ് ബദറുദ്ദീൻ മിസ്ബാഹി, സെക്രട്ടറി താഹിർ കൊയ്ത്തൂർക്കോണം, ട്രഷറർ സുൽഫി മൈതാനി എന്നിവർ പങ്കെടുത്തു. ജാതിമതഭേദമന്യേ നിരവധി വിശ്വാസികൾ പ്രാർഥനാനിർഭരമായ ചടങ്ങിൽ സംബന്ധിച്ചു.
ഉറൂസിന്റെ ഭാഗമായി ഈ മാസം 14, 15 തീയതികളിൽ ഇസ്‌ലാമിക പ്രഭാഷണങ്ങൾ നടക്കും. 16ന് രാത്രി ഏഴിന് ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസും എട്ടിന് മതവിജ്ഞാന പ്രഭാഷണവും സംഘടിപ്പിക്കും.
17ന് രാവിലെ 10ന് മെഡിക്കൽ ക്യാമ്പും രാത്രി എട്ടിന് അഷ്‌റഫ് സഖാഫി പുന്നത്തിന്റെ നേതൃത്വത്തിൽ സീറാ പാരായണവും നടക്കും. 18ന് രാവിലെ 10ന് സി.എസ്.സി. ക്യാമ്പും രാത്രി എട്ടിന് സ്വാദിഖ് അലി ഫാദിലി ഗൂഡല്ലൂരിന്റെ നേതൃത്വത്തിൽ ഇശ്ഖേ മദീന (ബുർദ മജ്‌ലിസ്) പരിപാടിയും ഉണ്ടായിരിക്കും.
19ന് രാത്രി എട്ടിന് ശാദുലി റാത്തീബ് നടക്കും. ഉറൂസിന്റെ അവസാന ദിവസമായ 20ന് രാവിലെ എട്ടിന് ആണ്ട് നേർച്ചയും പ്രാർഥനാ സദസ്സും നടക്കും. ഇബ്രാഹിമുൽ ഖലീലുൽ ബുഖാരി തങ്ങൾ കടലുണ്ടി പ്രാർഥനാ സദസ്സിന് നേതൃത്വം നൽകും. ഉച്ചയ്ക്ക് 12 മുതൽ അന്നദാനവും സംഘടിപ്പിച്ചിട്ടുണ്ട്.


