ഹൈടെക് മാതൃകയിൽ ഡിജിറ്റൽ സ്ക്വയർ; കിളിമാനൂർ ഗവ. എൽ.പി.എസിൽ കുരുന്നുകൾക്ക് പുതിയ പഠനാന്തരീക്ഷം

Attingal vartha_20261015_194243_0000

കിളിമാനൂർ: പ്രൈമറി തലത്തിൽ സാങ്കേതികവിദ്യ അധിഷ്ഠിതമായ സ്വയംപഠനവും ഗെയിമിഫൈഡ് ലേണിംഗും ഉറപ്പാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് കൈറ്റിന്റെ നേതൃത്വത്തിൽ ആവിഷ്കരിച്ച ‘ഡിജിറ്റൽ സ്ക്വയർ’ പദ്ധതി കിളിമാനൂർ ഗവ. എൽ.പി. സ്കൂളിൽ തുടക്കമായി.

സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടികളുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന പദ്ധതിയുടെ സ്കൂൾതല ഉദ്ഘാടനമാണ് സംഘടിപ്പിച്ചത്.

ഒന്നു മുതൽ നാല് വരെയുള്ള ക്ലാസുകളിലെ കുട്ടികളിൽ കളികളിലൂടെയുള്ള പഠനം, സർഗാത്മകത, പ്രാരംഭ ഡിജിറ്റൽ സാക്ഷരത എന്നിവ വികസിപ്പിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. സ്വതന്ത്ര സോഫ്റ്റ്‌വെയർ അധിഷ്ഠിതമായി രൂപകൽപ്പന ചെയ്തിട്ടുള്ള ഈ ഡിജിറ്റൽ ലേണിംഗ് പാക്കേജിൽ ജി-കോംപ്രിസ്, എഡ്യൂടൈൻമെന്റ് സ്യൂട്ട്, ഇ-ക്യൂബ് ഭാഷാ പഠന വിഭവങ്ങൾ, ഇന്ററാക്ടീവ് പസിലുകൾ, ഡിജിറ്റൽ ചിത്രരചനയ്ക്കുള്ള ടൂളുകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.

കൂടാതെ കാഴ്ചപരിമിതിയുള്ളവർക്കും ഭിന്നശേഷിക്കാരായ കുട്ടികൾക്കുമായി ഓഡിയോ പിന്തുണയും പ്രത്യേക സംവിധാനങ്ങളും ഡിജിറ്റൽ സ്ക്വയറിലുണ്ട്.

ക്ലാസ് മുറികൾക്ക് പുറമേ കുട്ടികൾക്ക് സ്വതന്ത്രമായി കമ്പ്യൂട്ടറുകൾ കൈകാര്യം ചെയ്യാനും ആശയങ്ങൾ പരീക്ഷിച്ച് പഠിക്കാനുമുള്ള സഹവർത്തിത പഠനാന്തരീക്ഷമാണ് വിദ്യാലയത്തിൽ ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടനം കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷാജുമോൾ എസ് നിർവഹിച്ചു.

വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ എ ബിന്ദു അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ കെ ഗിരിജ,പ്രധാനാധ്യാപിക ജോയ്സൺ എബ്രഹാം,ഡിജിറ്റൽ സ്ക്വയർ കോർഡിനേറ്റർ ഹരിപ്രിയ എ എസ്, പി.ടി.എ ഭാരവാഹികൾ, അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.

പ്രൈമറി തലത്തിൽ തന്നെ സാങ്കേതികവിദ്യയുടെ ഗുണഫലങ്ങൾ കുട്ടികളിലേക്ക് എത്തിക്കുന്ന ഈ നൂതന പദ്ധതി സ്കൂളിന്റെ അക്കാദമിക മികവിന് പുതിയൊരു നാഴികക്കല്ലാകും.

ചിത്രം : കിളിമാനൂർ ഗവ എൽപിഎസിൽ ഒരുക്കിയ ഡിജിറ്റൽ സ്ക്വയർ പദ്ധതിയുടെ ഉദ്ഘാടനം കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷാജു മോൾ എസ് നിർവഹിക്കുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!