
കല്ലമ്പലം : കല്ലമ്പലം മാവിൻമൂട് ജംഗ്ഷനിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. അഞ്ചൽ സ്വദേശി അജയകൃഷ്ണനാണ് മരിച്ചത്. ബൈക്ക് റോഡിലെ ഹംപിൽ കയറി നിയന്ത്രണം തെറ്റിയാണ് അപകടം സംഭവിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.
പുലർച്ചെ ഈ വഴി കടന്നുപോയ കാൽനടയാത്രക്കാരാണ് യുവാവ് ഗുരുതര പരിക്കേറ്റ നിലയിൽ റോഡരികിൽ കിടക്കുന്നത് കണ്ടത്. തുടർന്ന് ഇവർ ഉടൻ തന്നെ കല്ലമ്പലം പോലീസിൽ വിവരമറിയിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ബൈക്ക് മതിലിലും ട്രാൻസ്ഫോർമറിലുമയാണ് ഇടിച്ചതു. ഹെൽമറ്റ് ധരിച്ചിരുന്നെങ്കിലും രക്തം വാർന്ന് മരണപ്പെട്ടു.
അപകടത്തിനിടയാക്കിയത് ഹംപ് ആണെന്നും ഹംപ് തിരിച്ചറിയാൻ തക്കവണ്ണം യാതൊരുവിധ അടയാളങ്ങളോ റിഫ്ളക്ടറുകളോ സ്ഥാപിച്ചിരുന്നില്ലെന്നും നാട്ടുകാർ ആരോപിച്ചു. കല്ലമ്പലം പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു വരുന്നു.


