കടയ്ക്കാവൂരിൽ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച് രക്ഷപ്പെടാൻ ശ്രമം: ബൈക്ക് അപകടത്തിൽപ്പെട്ട് പ്രതി മരിച്ചു

Attingal vartha_20261026_154737_0000

കടയ്ക്കാവൂർ: ഹോട്ടലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന യുവാവിനെ ബിയർ കുപ്പി കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി ബൈക്ക് അപകടത്തിൽപ്പെട്ട് മരിച്ചു. അഞ്ചുതെങ്ങ് കിടങ്ങിൽ സ്വദേശി ഉണ്ണി എന്ന് വിളിക്കുന്ന വിജേഷ് (30) ആണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ മരിച്ചത്.

കഴിഞ്ഞ ദിവസം കടയ്ക്കാവൂർ ചെക്കാലവിളകത്തുള്ള ഹോട്ടലിലായിരുന്നു സംഭവം. മുൻവൈരാഗ്യത്തെത്തുടർന്ന് മണികണ്ഠൻ എന്ന യുവാവിനെ പവൻപ്രകാശ്, ഉണ്ണി, സനൽ എന്നിവരടങ്ങുന്ന സംഘം ബിയർ കുപ്പികൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. തുടർന്ന് പൊട്ടിയ കുപ്പിയുപയോഗിച്ച് കണ്ണിനും കഴുത്തിനും ഗുരുതരമായി കുത്തിപ്പരിക്കേൽപ്പിച്ചു. പരിക്കേറ്റ മണികണ്ഠൻ നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

ആക്രമണത്തിന് ശേഷം രണ്ട് ബൈക്കുകളിലായി ആറംഗ സംഘം രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. അതിനിടെ പോലീസിന്റെ പട്രോളിംഗ് ജീപ്പ് കണ്ട് വേഗത കൂട്ടിയ പ്രതികൾ ഇടറോഡിലേക്ക് തിരിഞ്ഞു. പരിചയമില്ലാത്ത വഴിയിലൂടെ അമിതവേഗതയിൽ സഞ്ചരിച്ചതോടെ വിജേഷും മറ്റു രണ്ടുപേരും സഞ്ചരിച്ചിരുന്ന ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും സമീപത്തെ കുഴിയിലേക്ക് മറിയുകയുമായിരുന്നു.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വിജേഷിനെ പോലീസ് ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന രണ്ടുപേർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെടുകയും ചെയ്തു.

മരിച്ച വിജേഷ് അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് വിധേയമാക്കി ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ കടയ്ക്കാവൂർ പോലീസ് തുടർനടപടികളും അന്വേഷണവും ഊർജ്ജിതമാക്കിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!