
ആറ്റിങ്ങൽ: വനിതാ ശിശുവികസന വകുപ്പിന്റെ ORC (Our Responsibility to Children) പദ്ധതിയുടെ ഭാഗമായി ആറ്റിങ്ങൽ ഗവ. മോഡൽ വി.എച്ച്.എസ്.എസിൽ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ത്രിദിന ‘SMART 40’ ജീവിതനൈപുണി പരിശീലന ക്യാമ്പിന് തുടക്കമായി.
നവംബർ 5, 6, 7 തീയതികളിൽ സ്കൂൾ ലൈബ്രറി ഹാളിലാണ് ക്യാമ്പ് നടക്കുന്നത്. വിദ്യാർത്ഥികളുടെ വ്യക്തിത്വവികസനം, ആത്മവിശ്വാസം, നേതൃത്വപാടവം, സാമൂഹികാവബോധം, ജീവിതനൈപുണികൾ എന്നിവ വളർത്തിയെടുക്കുകയാണ് ക്യാമ്പിന്റെ ലക്ഷ്യം.
നവംബർ 5ന് രാവിലെ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ പി.ടി.എ പ്രസിഡന്റ് സന്തോഷ് എസ്. അധ്യക്ഷത വഹിച്ചു. വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ ഹസീന എ. സ്വാഗതം ആശംസിച്ചു. ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ എം. പ്രദീപ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
സ്കൂൾ കൗൺസിലർ ഷൈനി എസ്. ക്യാമ്പിന്റെ ലക്ഷ്യങ്ങളും പ്രവർത്തനങ്ങളും വിശദീകരിച്ചു. നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനൂപ്, വാർഡ് കൗൺസിലർ കിരൺ കൊല്ലമ്പുഴ, എച്ച്.എസ്.എസ് പ്രിൻസിപ്പൽ അജിത മോഹൻ, വൈസ് പ്രിൻസിപ്പൽ അനിൽകുമാർ, പി.ടി.എ വൈസ് പ്രസിഡന്റ് ബാബുരാജീവ് എന്നിവർ ആശംസകൾ നേർന്നു. ORC കോർഡിനേറ്റർ സിനി എസ്. നന്ദി പറഞ്ഞു.



