വക്കം : വക്കം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവ് വിളക്കുകൾ കത്തുന്നില്ലെന്ന് പരാതി. ഒട്ടുമിക്ക സ്ഥലങ്ങളും കൂരിരുട്ടിലാണ്. ഇരുട്ടിന്റെ മറവിൽ സാമൂഹിക വിരുദ്ധർ അഴിഞ്ഞാടുന്നതായും നാട്ടുകാർ പറയുന്നു.
വക്കം പഞ്ചായത്തിലെ ചാവടിമുക്ക് മുതൽ നിലയ്ക്കാമുക്ക് വരെയുള്ള ഭാഗത്ത് തെരുവ് വിളക്കുകൾ കാത്തതായിട്ട് നാല് വർഷം കഴിയുന്നെന്ന് നാട്ടുകാർ പറയുന്നു. മാത്രമല്ല കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് നിലയ്ക്കാമുക്ക് ഭാഗത്തേക്ക് വരുന്ന ട്രെയിൻ യാത്രികർ ഉൾപ്പടെ ഇരുട്ടിന്റെ ഭീതിയോടെയാണ് സഞ്ചരിക്കുന്നത്. സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ജോലി കഴിഞ്ഞ് രാത്രിയിൽ റെയിൽവേ സ്റ്റേഷനിൽ എത്തി അവിടെ നിന്ന് വീടുകളിലേക്ക് പോകുന്നത് വലിയ ഭയപ്പാടോടെയാണ്. ഇത്തരത്തിൽ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ തെരുവ് വിളക്കുകൾ വെറും തൂണുകളായി മാത്രം നിലകൊള്ളുന്നു എന്നാണ് ജനങ്ങൾ പറയുന്നത്. കടയ്ക്കാവൂർ വക്കം പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായതിനാൽ നിലയ്ക്കാമുക്കിനെ അവഗണിക്കുന്നു എന്നാണ് നാട്ടുകാരുടെ ആരോപണം. തെരുവ് വിളക്കുകൾ കത്തുന്നില്ലെന്ന് ഇരു പഞ്ചായത്തുകൾക്കും പരാതികൾ നൽകിയെങ്കിലും ഒരു പരിഹാരവും കണ്ടില്ലെന്നും ആക്ഷേപമുയരുന്നുണ്ട്. അടിയന്തിരമായി അധികൃതർ ഇടപെട്ട് തെരുവ് വിളക്കുകൾ കത്തിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.