
ആറ്റിങ്ങൽ: നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ രണ്ട് യുവാക്കളെ ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളൂർക്കോണം ക്ഷേത്രത്തിന് സമീപം തൊടിയിൽ പുത്തൻവീട്ടിൽ വിഷ്ണു (28), വെള്ളൂർക്കോണം ക്ഷേത്രത്തിന് സമീപം പണയിൽ വീട്ടിൽ നിധിൻ (28) എന്ന പക്രു എന്നിവരാണ് അറസ്റ്റിലായത്.
നവംബർ 11ന് രാത്രി ഒൻപതോടെ ആറ്റിങ്ങൽ മൂന്നുമുക്കിലെ ബാറിൽ വെയിറ്ററായി ജോലി ചെയ്യുന്ന നഗരൂർ സ്വദേശി പ്രജീഷിനെ (41) പ്രതികൾ മർദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് പരാതി. പ്രജീഷിന്റെ കൈവശമുണ്ടായിരുന്ന 3,000 രൂപ വിലവരുന്ന വാച്ച് വലിച്ചുപൊട്ടിക്കുകയും ചെയ്തു.
സംഭവത്തിൽ പ്രജീഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു. അന്വേഷണത്തിനിടെ ദേവ് റെസിഡൻസി ബാറിന് മുന്നിൽ പൊതുജനങ്ങളെ ഭീഷണിപ്പെടുത്തി നിന്ന പ്രതികളെ പോലീസ് പിടികൂടുകയായിരുന്നു.
വിഷ്ണുവും നിധിനും ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് പോലീസ് അറിയിച്ചു.
ആറ്റിങ്ങൽ ഐ എസ് എച്ച് ഒ ശ്രീജിത്ത് വി.കെ., സബ് ഇൻസ്പെക്ടർമാരായ സുദർശനൻ കെ.എസ്., ശ്രീകുമാർ, അരുൺ സുന്ദർ എന്നിവർ ഉൾപ്പെട്ട പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.


