കലോത്സവത്തിൽ കിരീടനേട്ടവുമായി വൈ. എൽ. എം. യു.പി.എസ്. കീഴാറ്റിങ്ങൽ; മൂന്ന് വിഭാഗങ്ങളിലും ഓവറോൾ ചാമ്പ്യന്മാർ

Attingal vartha_20261117_180121_0000

ആറ്റിങ്ങൽ: 2026-ലെ ആറ്റിങ്ങൽ സബ്ജില്ലാ സ്കൂൾ കലോത്സവത്തിൽ മിന്നും പ്രകടനം കാഴ്ചവെച്ച് കീഴാറ്റിങ്ങൽ വൈ. എൽ. എം. യു.പി.എസ്. (YLMUPS) അഭിമാനനേട്ടം സ്വന്തമാക്കി. ജനറൽ, അറബിക്, സംസ്കൃതം എന്നീ മൂന്ന് വിഭാഗങ്ങളിലും ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയാണ് സ്കൂൾ കലോത്സവത്തിലെ താരങ്ങളായത്. മികച്ച പൊതുവിദ്യാലയമെന്ന നേട്ടവും സ്കൂൾ നിലനിർത്തി.

ജനറൽ വിഭാഗത്തിൽ 16 ഇനങ്ങളിൽ മത്സരിച്ച സ്കൂൾ 11 ഇനങ്ങളിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി. അറബിക് കലോത്സവത്തിൽ 13 ഇനങ്ങളിൽ എട്ടിലും ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി. ഇതോടെ തുടർച്ചയായ പതിനാറാം തവണയും അറബിക് വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് സ്വന്തമാക്കി. സംസ്കൃത വിഭാഗത്തിലും ഓവറോൾ കിരീടം നേടിയതോടെ മൂന്ന് വിഭാഗങ്ങളിലും സ്കൂളിന്റെ മികവ് ഒരിക്കൽക്കൂടി തെളിയിച്ചു.

വിദ്യാർത്ഥികളുടെ കഠിനാധ്വാനവും അധ്യാപകരുടെ ആത്മാർത്ഥമായ പരിശീലനവും രക്ഷിതാക്കളുടെയും പി.ടി.എയുടെയും പിന്തുണയുമാണ് ഈ ഉജ്ജ്വല വിജയത്തിന് പിന്നിലെന്ന് സ്കൂൾ അധികൃതർ പറഞ്ഞു.

വിജയികളായ വിദ്യാർത്ഥികളെ സ്കൂൾ അസംബ്ലിയിൽ അനുമോദിക്കുകയും ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യുകയും ചെയ്തു. കലാപരമായ കഴിവുകളും സർഗാത്മകതയും ആത്മവിശ്വാസവും പ്രകടിപ്പിച്ച വിദ്യാർത്ഥികളുടെ നേട്ടങ്ങളെ ചടങ്ങിൽ അഭിനന്ദിച്ചു.

ഹെഡ്മിസ്ട്രസ് ബിനു ഷറീന സ്വാഗതം ആശംസിച്ചു. സ്കൂൾ മാനേജർ എ. ഹമീദ്, എം.പി.ടി.എ. പ്രസിഡന്റ് ശാരി, പി.ടി.എ. വൈസ് പ്രസിഡന്റ് ഷൈൻ, കലോത്സവ കൺവീനർമാരായ സിബി, നിസി എന്നിവർ ആശംസകൾ നേർന്നു. സ്റ്റാഫ് സെക്രട്ടറി ഹൻസീർ നന്ദി പറഞ്ഞു.

ഗവൺമെന്റ് കോട്ടൺഹിൽ സ്കൂളിൽ നടക്കുന്ന ജില്ലാതല കലോത്സവത്തിൽ 22 ഇനങ്ങളിൽ വൈ. എൽ. എം. യു.പി.എസ്. കീഴാറ്റിങ്ങൽ മത്സരത്തിനിറങ്ങും. സബ്ജില്ലാതലത്തിലെ വിജയത്തിളക്കവുമായി ജില്ലാതലത്തിലും മികച്ച നേട്ടം ആവർത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് വിദ്യാർത്ഥികൾ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!