
മണമ്പൂർ: 45 വർഷത്തോളം പഴക്കമുള്ള കവലയൂർ സബ് രജിസ്ട്രാർ ഓഫീസ് മന്ദിരം കാലപ്പഴക്കം മൂലം ജീർണാവസ്ഥയിൽ. ഓഫീസിലെ സീലിംഗ് പലഭാഗത്തും അടർന്നുവീഴാറായ നിലയിലാണ്. അടുത്തിടെ സീലിംഗിന്റെ ഭാഗം അടർന്നുവീണ് ജീവനക്കാരിക്ക് പരിക്കേറ്റിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടായില്ലെന്നാണ് പരാതി.
ഒറ്റൂർ, മണമ്പൂർ, ചെറുന്നിയൂർ പഞ്ചായത്തുകളിൽ നിന്നായി നിരവധി പേർ ദിവസേന എത്തുന്ന ഓഫീസിൽ ടോയ്‌ലറ്റ് സൗകര്യത്തിന്റെ അപര്യാപ്തതയും ദുരിതമാകുന്നു. ജനൽച്ചില്ലുകൾ തകർന്നും വാതിലുകളും കട്ടിളകളും ചിതൽ ബാധിച്ചും കിടക്കുകയാണ്.
1982ൽ ഉദ്ഘാടനം ചെയ്ത കെട്ടിടത്തിൽ പിന്നീട് കാര്യമായ അറ്റകുറ്റപ്പണികളോ നവീകരണമോ നടന്നിട്ടില്ല. കെട്ടിടത്തിന്റെ ടെറസിൽ മരച്ചില്ലകളും കരിയിലകളും അടിഞ്ഞുകൂടി മഴവെള്ളം കെട്ടിക്കിടക്കുന്നതും തകർച്ചയ്ക്ക് കാരണമാകുന്നുണ്ട്. മരങ്ങൾ മുറിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് വനംവകുപ്പിന് കത്ത് നൽകിയിട്ടും നടപടിയുണ്ടായിട്ടില്ല. കെട്ടിടത്തിന്റെ ശോച്യാവസ്ഥ പരിഹരിച്ച് ജീവനക്കാരുടെയും പൊതുജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമെന്നാണ് ആവശ്യം.


