നഗരൂർ : നഗരൂർ – കിളിമാനൂർ റോഡിൽ തേക്കിൻകാട് ഭാഗത്ത് റോഡ് വശത്ത് നിന്ന കൂറ്റൻ തേക്ക് മരം റോഡിലേക്ക് ഒടിഞ്ഞു വീണു. ഇന്ന് രാവിലെ 10 അരയോടെയാണ് സംഭവം. അതുവഴി ആ സമയം ഒരു സ്വകാര്യ ബസ് വരുകയായിരുന്നു. എന്നാൽ ബസ്സിന്റെ മുൻ വശത്തെ ചില്ലിൽ ശിഖരങ്ങൾ ഉരഞ്ഞ് മരം റോഡിലേക്ക് വീണു. ബസ്സിലെ യാത്രക്കാർക്കോ ആർക്കും പരിക്കില്ല. ഒരു നിമിഷം നേരത്തെയാണ് ബസ് അതുവഴി വന്നതെങ്കിൽ വലിയ അപകടം സംഭവിക്കുമായിരുന്നു എന്നാണ് യാത്രക്കാർ പറഞ്ഞത്. റോഡിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടതിനെ തുടർന്ന് ബസ് മറ്റൊരു വഴിയിലൂടെയാണ് പോയത്. തുടർന്ന് ആറ്റിങ്ങൽ ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തി മരം മുറിച്ചു മാറ്റി ഗതാഗത തടസ്സം നീക്കി.
