വർക്കല : വർക്കല താലൂക്കിലെ വിവിധ സ്ഥലങ്ങളിൽ വീടുകൾ തകർന്നു. കണ്ണംബ മുടയൻവിളാകത്ത് ഷാജിയുടെ വീട് പൂർണമായും തകർന്നു. അപകടസമയത്ത് ഷാജിയും ഭാര്യ സുനിതയും മക്കളായ ജിത്തുവും സിന്ധുവും വീട്ടിലുണ്ടായിരുന്നില്ല. അപകടത്തെ തുടർന്ന് ഇവർ ബന്ധുവീട്ടിലേക്ക് താമസം മാറി. കുടവൂർ തടത്തിൽവീട്ടിൽ അശോകന്റെ വീട് ഭാഗികമായി തകർന്നു. കുടവൂർ ഹനീഫ മൻസിലിൽ ലത്തീഫാബീവിയുടെ വീടിന്റെ ഭിത്തിക്ക് വിള്ളലുണ്ടായി, മേൽക്കൂരയിലെ ഷീറ്റുകൾ കാറ്റിൽ പറന്നുപോയിട്ടുണ്ട്. ഒറ്റൂർ തങ്കച്ചിമന്ദിരത്തിൽ തങ്കച്ചിയുടെ വീട് പൂർണമായും തകർന്നു. മടവൂർ നെടുവിളവീട്ടിൽ സുധിരാജിന്റെ വീടിന്റെ ഭിത്തി ഇടിഞ്ഞുവീണു. മടവൂർ പടിഞ്ഞാറ്റേല തേക്കുംകര പുത്തൻവീട്ടിൽ മുരളീധരൻപിള്ളയുടെ വീടിനു മുകളിൽ മരംവീണ് നാശമുണ്ടായി. മടവൂർ ചരുവിളവീട്ടിൽ ശ്രീമതിയുടെ വീടിന്റെ ഭിത്തി ഇടിഞ്ഞുവീണു. ചെമ്മരുതി പനച്ചിവിളവീട് സുമാംഗിയുടെ വീടിന്റെ മേൽക്കൂര ഭാഗികമായി തകർന്നു. വിവിധ സ്ഥലങ്ങളിൽ വെള്ളക്കെട്ടും രൂപപ്പെട്ടിട്ടുണ്ട്. താലൂക്കിലെ കളക്ഷൻ സെന്ററിൽ ശേഖരിച്ച സാധനങ്ങൾ തിരുവനന്തപുരം എസ്.എം.വി സ്കൂളിലേക്ക് അയച്ചതായി അധികൃതർ അറിയിച്ചു. നാശനഷ്ടമുണ്ടായ സ്ഥലങ്ങൾ അഡ്വ.വി. ജോയി എം.എൽ.എയും റവന്യൂ അധികൃതരും സന്ദർശിച്ചു.
