അയിരൂർ :സ്വകാര്യ വ്യക്തിയിൽ നിന്നേറ്റെടുത്ത സർക്കാർ ഭൂമിയിൽ അയിരൂർ പോലീസ് സ്റ്റേഷന് സ്വന്തമായി കെട്ടിടം നിർമിക്കുന്നു. വ്യവഹാരങ്ങളെത്തുടർന്നുണ്ടായ തടസ്സങ്ങൾ നീങ്ങിയതോടെ പോലീസ് സ്റ്റേഷൻ നിർമാണവുമായി മുന്നോട്ടുപോകാനാണ് സർക്കാരിന്റെ നീക്കം.
അയിരൂർ വില്ലിക്കടവിൽ പാരിപ്പള്ളി-വർക്കല സംസ്ഥാനപാതയോടു ചേർന്നുള്ള 27 സെന്റ് സ്ഥലമാണ് പോലീസ് സ്റ്റേഷൻ നിർമിക്കാൻ നൽകുന്നത്. സ്വകാര്യവ്യക്തി കൈവശം വെച്ചിരുന്നതും പിന്നീട് സർക്കാർ ഏറ്റെടുത്തതുമായ വിവാദ ഭൂമിയിലാണ് സ്റ്റേഷൻ വരുന്നത്. സബ് കളക്ടർ ക്രമവിരുദ്ധമായി ഭൂമി പതിച്ചുനൽകിയെന്ന എം.എൽ.എ. യുടെ പരാതിയും തുടർന്നുണ്ടായ ആരോപണങ്ങളും അന്വേഷണങ്ങളും വിവാദമായിരുന്നു.
സ്വകാര്യവ്യക്തി കൈവശംവെച്ചിരുന്ന സ്ഥലം സർക്കാരിന്റേതാണെന്ന് കണ്ടെത്തി 2017 ജൂലായിൽ റവന്യൂ അധികൃതർ ഭൂമി തിരിച്ചുപിടിച്ചു. ഈ ഭൂമിയിൽ അവകാശവാദം ഉന്നയിച്ച് അയിരൂർ പുന്നവിള വീട്ടിൽ ലിജി ഹൈക്കോടതിയെ സമീപിച്ചു. ആർ.ഡി.ഒ. കൂടിയായ സബ് കളക്ടർ വിഷയം പരിശോധിച്ച് തീർപ്പാക്കാൻ കോടതി ഉത്തരവിട്ടു. തെളിവെടുപ്പ് നടത്തിയശേഷം തിരുവനന്തപുരം സബ്് കളക്ടറായിരുന്ന ദിവ്യ എസ്.അയ്യർ ഭൂമി ലിജിക്ക് പതിച്ചു കൊടുത്തതാണ് വിവാദമായത്. തുടർന്ന് വി.ജോയി എം.എൽ.എ.യുടെ പരാതിയിൽ റവന്യൂ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. പരിശോധനയിൽ സർക്കാർ ഭൂമിയാണെന്ന് തെളിയുകയും സബ് കളക്ടറെ സ്ഥാനത്തുനിന്നു മാറ്റുകയും ചെയ്തിരുന്നു.
സർക്കാർ ഭൂമി ഏറ്റെടുക്കുകയും പോലീസ് സ്റ്റേഷൻ നിർമിക്കുന്നതിന് ആഭ്യന്തരവകുപ്പിന് കളക്ടർ കൈമാറുകയും ചെയ്തിരുന്നു. ഇതിനെതിരേ ലിജി വീണ്ടും ഹൈക്കോടതിയെ സമീപിച്ച് റവന്യൂ സെക്രട്ടറി അന്വേഷണം നടത്തണമെന്ന ഉത്തരവ് നേടി. അന്വേഷണത്തിൽ സർക്കാർ ഭൂമിയാണെന്ന കളക്ടറുടെ ഉത്തരവ് ശരിവയ്ക്കുകയാണുണ്ടായത്. പോലീസ് സ്റ്റേഷൻ നിർമിക്കുന്നതിനുള്ള നടപടി സ്വീകരിക്കാൻ കളക്ടർക്ക് നിർദേശവും നൽകി. ഇതോടെയാണ് സ്റ്റേഷന് സ്വന്തമായി കെട്ടിടം നിർമിക്കാനുള്ള തടസ്സങ്ങൾ നീങ്ങിയത്.
2012 ജൂൺ 20 മുതലാണ് അയിരൂർ പോലീസ് സ്റ്റേഷൻ പ്രവർത്തനം തുടങ്ങിയത്. അന്നുമുതൽ അസൗകര്യങ്ങൾ നിറഞ്ഞ വാടകക്കെട്ടിടത്തിലാണ്. ചെറിയ കെട്ടിടത്തിൽ നാല് കുടുസുമുറികളാണുള്ളത്. പോലീസ് സ്റ്റേഷന് പ്രവർത്തിക്കാനാവശ്യമായ സൗകര്യങ്ങളൊന്നും ഇവിടില്ല. എസ്.ഐ.യുടെ മുറിയും ലോക്കപ്പും കഴിഞ്ഞ് ഇടനാഴിയിലിരുന്നാണ് പോലീസുകാർ ജോലിചെയ്യുന്നത്. സ്റ്റേഷനിലെത്തുന്നവർക്ക് നിന്നുതിരിയാനിടമില്ല.
അയിരൂർ വില്ലിക്കടവിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിൽ പോലീസ് സ്റ്റേഷൻ കെട്ടിടം നിർമിക്കും. ഭൂമി ആഭ്യന്തരവകുപ്പിന് കൈമാറിയിട്ടുണ്ട്. സ്റ്റേഷൻ കെട്ടിടം നിർമിക്കുന്നതിന് ഒരുകോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്.-വി.ജോയി എം.എൽ.എ.