കാട്ടാക്കട :ബൈക്കിൽ കറങ്ങി നടന്ന് മോഷണം നടത്തുന്ന അന്തർ സംസ്ഥാന മോഷ്ടാക്കളായ സഹോദരങ്ങൾ നെയ്യാറ്റിൻകര പൊഴിയൂരിൽ പിടിയിൽ. തൃച്ചി പൊൻവിള സ്വദേശികളായ ഫ്രാങ്ക്ളിൻ കുമാർ (32) ഇയാളുടെ സഹോദരൻ ജോൺ പോൾ (27) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ഉച്ചക്കട സ്വദേശിനിയായ യുവതിയുടെ നാലര പവന്റെ മാല പിടിച്ചു പറിച്ച സംഭവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ
വലയിലായത്. കഴിഞ്ഞ ഏഴിനായിരുന്നു സംഭവം. പൊഴിയൂരിലെ ബന്ധു വീട്ടിലെത്തിയ പ്രതികൾ, ഇവിടത്തെ ബൈക്ക് എടുത്തായിരുന്നു മോഷണം. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ
അന്വേഷണത്തിലാണ് പ്രതികളിൽ എത്തിയത്. തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിൽ ഉൾപ്പെടെ ഇരുപതോളം കേസിലെ പ്രതികളാണ് ഇവർ. ജയിൽവാസവും അനുഷ്ഠിച്ചിട്ടുണ്ട്. കേരളത്തിൽ ഇവർക്കെതിരെ മറ്റു സ്റ്റേഷനുകളിൽ കേസ് ഉണ്ടോ എന്ന് പരിശോധന നടത്തി വരുന്നു. ഇവരിൽനിന്ന് മോഷണത്തിനു ഉപയോഗിച്ച ബൈക്കും പോലീസ് കണ്ടെടുത്തു.


