കാട്ടാക്കട: വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് കിണറ്റിൽ വീണ വയോധികനെ അഗ്നിരക്ഷാസേന രക്ഷിച്ച് ആശുപത്രിയിലാക്കി. വീരണകാവ് അരുവിക്കുഴി സ്വദേശി അപ്പുപിള്ള(72)യാണ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടത്. വ്യാഴാഴ്ച ഉച്ചയോടെയാണ് അപ്പുപിള്ള വീട്ടുമുറ്റത്തെ കിണറ്റിൽ വീണത്. ഈ സമയം വീട്ടിൽ ആരും ഇല്ലായിരുന്നു. കിണറ്റിൽ നിന്നു ശബ്ദം കേൾക്കുന്നത് ശ്രദ്ധയിൽപ്പെട്ട അയൽക്കാരാണ് വിവരം നെയ്യാർഡാം അഗ്നിരക്ഷാസേനയെ അറിയിച്ച് രക്ഷാപ്രവർത്തനം നടത്തിയത്. ഫയർമാനായ ഷൈൻ വടം കെട്ടി 25 അടിയോളം താഴ്ചയുള്ള കിണറ്റിലിറങ്ങി വയോധികനെ കുട്ടയിൽ കയറ്റി കരയ്ക്കെത്തിക്കുകയായിരുന്നു. കൈവരിയില്ലാത്ത കിണറ്റിൽ വീണ അപ്പുപിള്ള മോട്ടോർ പൈപ്പിൽ പിടിച്ചു കിടന്നതിനാലാണ് മുങ്ങി താഴാതിരുന്നത്. ലീഡിങ് ഫയർമാൻ സുരേഷ്, ഫയർമാന്മാരായ രജീഷ്, സനൽകുമാർ, പ്രസാദ്, ഡ്രൈവർ രാജൻ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു