ആറ്റിങ്ങൽ: വലിയകുന്ന് താലൂക്കാശുപത്രിയിൽ സൗജന്യ ഡയാലിസിസ് കേന്ദ്രമൊരുങ്ങി. ശ്രീസത്യസായി ഓർഫനേജ് ട്രസ്റ്റിന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ നഗരസഭയും വലിയകുന്ന് താലൂക്കാശുപത്രിയും ചേർന്നാണ് ഡയാലിസിസ് കേന്ദ്രം സജ്ജമാക്കിയിരിക്കുന്നത്.ഉദ്ഘാടനം ഈ മാസം 28-ന് വൈകീട്ട് 4-ന് മന്ത്രി കെ.കെ.ശൈലജ നിർവഹിക്കും. അടൂർ പ്രകാശ് എം.പി, ബി.സത്യൻ എം.എൽ.എ.എന്നിവർ പങ്കെടുക്കും.
സത്യസായി ഓർഫനേജ് ട്രസ്റ്റ് കേരളത്തിൽ നടപ്പാക്കുന്ന പത്താമത്തെ സൗജന്യ ഡയാലിസിസ് കേന്ദ്രമാണിത്. ആറുജില്ലകളിൽ ഇപ്പോൾ സൗജന്യ ഡയാലിസിസ് നടത്തുന്ന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു. മുൻരാഷ്ട്രപതി എ.പി.ജെ.അബ്ദുൽകലാമാണ് സായിട്രസ്റ്റ് നടപ്പാക്കിയ ‘നവജീവനം’ എന്ന പേരിലുള്ള ഈ പദ്ധതിക്കു തുടക്കം കുറിച്ചത്. ഇതുവരെ നാലുലക്ഷം സൗജന്യ ഡയാലിസിസ് നടത്തിക്കഴിഞ്ഞതായി ട്രസ്റ്റ് എക്സിക്യുട്ടീവ് ഡയറക്ടർ കെ.എൻ.ആനന്ദകുമാർ പറഞ്ഞു. വലിയകുന്ന് താലൂക്കാശുപത്രിയിൽ സായിട്രസ്റ്റ് 1.10 കോടിരൂപയും നഗരസഭയും ആശുപത്രിയും ചേർന്ന് 30 ലക്ഷവും ചെലവിട്ടാണ് സൗജന്യ ഡയാലിസിസ് കേന്ദ്രം സ്ഥാപിച്ചിരിക്കുന്നത്.
ഡയാലിസിസ് കേന്ദ്രത്തിനായി 2700 ചതുരശ്രയടി വിസ്തൃതിയുള്ള കെട്ടിടം, കെട്ടിടത്തിലേക്കെത്തുന്നതിന് 35 മീറ്റർ നീളമുള്ള ചരിഞ്ഞവഴി, 30 ലക്ഷം രൂപ ചെലവിട്ട് ജർമ്മനിയിൽനിന്ന് ഇറക്കുമതി ചെയ്ത നാല് ഡയാലിസിസ് മെഷീൻ, ജലശുദ്ധീകരണശാല എന്നിവ സായിട്രസ്റ്റിന്റെ നേതൃത്വത്തിലാണ് സ്ഥാപിച്ചിട്ടുള്ളത്. ഡയാലിസിസ് കേന്ദ്രത്തിലേക്കുള്ള സാങ്കേതികവിദഗ്ദ്ധനെ ട്രസ്റ്റ് നിയമിച്ചിട്ടുണ്ട്. ഡയാലിസിസിനാവശ്യമായ മരുന്നുകൾ, ആശുപത്രി ഉപകരണങ്ങൾ എന്നിവയും സഹായികളെയും നഗരസഭയും ആശുപത്രിയും ചേർന്ന് നൽകണം. 24 മണിക്കൂറും പ്രവർത്തിപ്പിക്കാൻ കഴിയുന്ന യൂണിറ്റുകളാണിവിടെയുള്ളത്.