നെടുമങ്ങാട്:നെടുമങ്ങാട് ഗവ. കോളേജിനു പിന്നിലെ വലിയകുന്ന് കല്ലുകളോടെ ഇടിഞ്ഞുവീണ സ്ഥലത്ത് സംരക്ഷണഭിത്തി കെട്ടുമെന്ന് സി.ദിവാകരൻ എം.എൽ.എ. പറഞ്ഞു. സ്ഥലം സന്ദർശിച്ച അദ്ദേഹം കോളേജിന്റെ സംരക്ഷണത്തിന് പോലീസിനെ വിട്ടുനൽകാൻ ആർ.ഡി.ഒ., ഡിവൈ.എസ്.പി. എന്നിവരോട് ആവശ്യപ്പെട്ടു. രാത്രിയും പകലും രണ്ട് പോലീസുകാരുടെ സേവനം ഇവിടെ ലഭ്യമാക്കും. വീണ്ടും കുന്നിടിയാതിരിക്കാനായി അശാസ്ത്രീയമായ നിർമാണം നിർത്താനും ഇടിഞ്ഞ കുന്നിനോടുചേർന്ന് സംരക്ഷണഭിത്തി കെട്ടാനും ഉദ്യോഗസ്ഥതലത്തിൽ തീരുമാനമായി.രണ്ടുദിവസം മുമ്പാണ് കോളേജിനോടു ചേർന്ന കുന്നിടിഞ്ഞത്. കോളേജിന്റെ പ്രധാന കെട്ടിടത്തിനോടുചേർന്ന ഭാഗത്തെ കുന്ന് ഇടിഞ്ഞെങ്കിലും വലിയ ദുരന്തം ഒഴിവാകുകയായിരുന്നു. പ്രധാന കെട്ടിടത്തിന്റെ അത്രതന്നെ പൊക്കമുള്ള കുന്നാണ് ഇടിഞ്ഞത്.
