ആറ്റിങ്ങൽ: വലിയകുന്ന് താലൂക്കാശുപത്രിയിൽ സൗജന്യ ഡയാലിസിസ് കേന്ദ്രം തുറന്നു. ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. നിർധനരായവരെ സഹായിക്കാൻ സായിഗ്രാമം നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നു മന്ത്രി പറഞ്ഞു.
സത്യസായി ഓർഫനേജിന്റെ നേതൃത്വത്തിൽ കേരളത്തിൽ പ്രവർത്തിക്കുന്നു പത്താമത്തെ സൗജന്യ ഡയാലിസിസ് കേന്ദ്രമാണിത്. മുൻരാഷ്ട്രപതി എ.പി.ജെ.അബ്ദുൽകലാമാണ് സായിട്രസ്റ്റ് നടപ്പാക്കിയ ‘നവജീവനം’ എന്ന പേരിലുള്ള ഈ പദ്ധതിക്കു തുടക്കം കുറിച്ചത്. വലിയകുന്ന് താലൂക്കാശുപത്രിയിൽ സായിട്രസ്റ്റ് 1.10 കോടിരൂപയും നഗരസഭയും ആശുപത്രിയും ചേർന്ന് 30 ലക്ഷവും ചെലവിട്ടാണ് സൗജന്യ ഡയാലിസിസ് കേന്ദ്രം സ്ഥാപിച്ചിരിക്കുന്നത്.
ഡയാലിസിസ് കേന്ദ്രത്തിനായി 2700 ചതുരശ്രയടി വിസ്തൃതിയുള്ള കെട്ടിടം, കെട്ടിടത്തിലേക്കെത്തുന്നതിന് 35 മീറ്റർ നീളമുള്ള ചരിഞ്ഞവഴി, 30 ലക്ഷം രൂപ ചെലവിട്ട് ജർമ്മനിയിൽ നിന്ന് ഇറക്കുമതി ചെയ്ത നാല് ഡയാലിസിസ് മെഷീൻ, ജലശുദ്ധീകരണശാല എന്നിവ സായിട്രസ്റ്റിന്റെ നേതൃത്വത്തിലാണ് സ്ഥാപിച്ചിട്ടുള്ളത്. ഡയാലിസിസ് കേന്ദ്രത്തിലേക്കുള്ള സാങ്കേതിക വിദഗ്ദ്ധനെ ട്രസ്റ്റ് നിയമിച്ചിട്ടുണ്ട്.
ഉദ്ഘാടന ചടങ്ങിൽ അഡ്വ ബി സത്യൻ എംഎൽഎ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർമാൻ എം പ്രദീപ്, സായിഗ്രാമം എക്സിക്യൂട്ടീവ് ഡയറക്ടർ കെ.എൻ ആനന്ദകുമാർ, വലിയകുന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ ജസ്റ്റിൻ ജോർജ്, നഗരസഭ കൗൺസിലർമാർ, ജനപ്രതിനിധികൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.