പൊന്മുടി : കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെയാണ് പൊൻമുടി സന്ദർശിക്കാൻ എത്തിയ ഒരു സഞ്ചാരിയെ കാണാൻ ഇല്ല എന്ന വിവരമറിയുന്നത്. ഉടൻ തന്നെ ഇതിൽ ഇടപെടുകയും പോലീസിനോടും ഫയർഫോഴ്സിനോടും അടിയന്തിരമായി തിരച്ചിൽ തുടങ്ങുവാനും നിർദ്ദേശിച്ചു. ടൂറിസം ഡയറക്ടറിനോടും ആവശ്യമായ നടപടികൾ സ്വീകരിക്കുവാൻ നിർദ്ദേശിച്ചു.
മിനിസ്ട്രി ഓഫ് എച്ച്.ആർ.ഡി യിലെ ആറംഗസംഘത്തിൽ പെട്ട അശോക് കുമാർ (63) കടുത്ത മൂടൽ മഞ്ഞ് കാരണം പൊന്മുടി അപ്പർ സാനിറ്റോറിയത്തിൽ നിന്നും മുക്കാൽ കിലോമീറ്ററോളം വഴി തെറ്റി വിജനമായ മലനിരകളിൽ ഒറ്റപ്പെട്ടു പോവുകയായിരുന്നു. വൈകുന്നേരം 3:30 ഓടെയാണ് ഇദ്ദേഹത്തെ കാണാതായത്. കൂടെയുണ്ടായിരുന്നവർ സ്വന്തം നിലയിൽ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്തുവാൻ കഴിഞ്ഞില്ല. നേരം ഇരുട്ടിയതിന് ശേഷമാണ് ഇവർ ടൂറിസം വകുപ്പിനെ ഇക്കാര്യം അറിയിക്കുന്നത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ രാത്രി 8 മണിയോടെ പൊന്മുടിയുടെ വനാന്തരങ്ങളിൽ നിന്നും അദ്ദേഹത്തെ കണ്ടെത്തുകയായിരുന്നു. പൊന്മുടി സ്റ്റേഷനിലെ എസ്എച്ച്ഒ വിജയകുമാർ, എഎസ്‌ഐ നസീമുദ്ദീൻ, വിനീഷ് ഖാൻ സിപിഒ സജീർ, വിനുകുമാർ എന്നിവർ കടുത്ത മൂടൽ മഞ്ഞിനിടയിലും അതിസാഹസികമായി രാത്രി 8 മണിയോടെ അദ്ദേഹത്തെ കണ്ടെത്തിയത്. ക്ഷീണിതനായി കാണപ്പെട്ട അദ്ദേഹത്തെ വൈദ്യ സഹായത്തിനായി ഐസറിന്റെ ആംബുലൻസിൽ വിതുരയിലേക്ക് കൊണ്ടുപോയി.
പൊൻമുടിയിൽ എത്തുന്ന എല്ലാ സഞ്ചാരികളും ജാഗ്രത പാലിക്കുക. സുരക്ഷാ മുന്നറിയിപ്പുകൾ അവഗണിച്ചുള്ള ഇത്തരം സാഹസങ്ങൾ അപകടകരമാണ്. എന്ത് ബുദ്ധിമുട്ട് നേരിട്ടാലും ഉടൻ തന്നെ ടൂറിസം വകുപ്പുമായോ പോലീസുമായോ ബന്ധപ്പെടുക