ആലംകോട് കെഎസ്ആർടിസി ബസ് ഇടിച്ച് രണ്ടു പേർക്ക് ഗുരുതര പരിക്ക് : സിഗ്നൽ സ്ഥാപിച്ച ശേഷം അപകടങ്ങൾ വർധിക്കുന്നെന്ന് ആരോപണം

ei2RCAB85130

ആലംകോട് : ആലംകോട് ജംഗ്ഷനിൽ കെഎസ്ആർടിസി വേണാട് ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടു പേർക്ക് ഗുരുതര പരിക്ക്. കൊല്ലം സ്വദേശികളായ അഖിൽ (24), പൂജ (23) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന്‌ വൈകുന്നേരം 6 മണിയോടെയാണ് സംഭവം. ആറ്റിങ്ങൽ – കിളിമാനൂർ – മടത്തറ പോകുന്ന കെഎസ്ആർടിസി ബസ്സും ബൈക്കുമാണ് ഇടിച്ചത്. കിളിമാനൂർ ഭാഗത്തേക്ക്‌ പോകാൻ ആലംകോട് നിന്നും തിരിഞ്ഞ  ബസും ബൈക്കുമാണ്   അപകടത്തിൽ പെട്ടത് . ബൈക്ക് ബസ്സിന്റെ വലതു ഭാഗത്തുകൂടി കേറുമ്പോൾ ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ബസ് ഇടിച്ച് പൂജ തെറിച്ചു വീണു ഡിവൈഡറിൽ ഇടിച്ചെന്ന് നാട്ടുകാർ പറഞ്ഞു. അപകടത്തിൽ ഗുരുതര പരിക്കേറ്റ ഇരുവരെയും ചാത്തൻപാറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആദ്യം ബസ് ഡ്രൈവർ താൻ കാരണമല്ല അപകടം ഉണ്ടായതെന്ന് പറഞ്ഞെങ്കിലും ദൃക്‌സാക്ഷികൾ ശക്തമായി പ്രതികരിച്ചതോടെ ബസ്സിലെ യാത്രക്കാരെ ഇറക്കി ബസ് പോലീസ് പിടികൂടി. അപകടത്തെ തുടർന്ന് വൻ ഗതാഗത കുരുക്കാണ് ഉണ്ടായത്. ആറ്റിങ്ങൽ ഹൈ വേ പോലീസിന്റെ ഇടപെടലിൽ ഗതാഗത തടസ്സം നീക്കി.

ആലങ്കോട് ജംഗ്ഷനിൽ സിഗ്നൽ സ്ഥാപിച്ചശേഷം അഞ്ചിലധികം അപകടങ്ങൾ നടന്നതായും അശാസ്ത്രീയമായാണ് സിഗ്നൽ സ്ഥാപിച്ചതെന്നും കോൺഗ്രസ് നേതാവ് ആലംകോട് അഷ്റഫ് പറഞ്ഞു. അപാകതകൾ പരിഹരിച്ചില്ലെങ്കിൽ ഇനിയും അപകടങ്ങൾ ഉണ്ടാവാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹൈവേയിലും ഇടറോഡിലേക്കും സിഗ്നൽ സമയം 45 സെക്കന്റ്‌ കൊടുത്തത് കാരണം ഹൈവേയിൽ ഗതാഗത കുരുക്ക് കൂടുകയാണെന്ന് ആക്ഷേപമുണ്ട്. ബന്ധപ്പെട്ട അധികൃതർ ഇതിന് പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!