ആറ്റിങ്ങൽ: ആറ്റിങ്ങൽ മേഖലയിൽ ദേശീയപാത അപകടക്കെണിയാകുന്നു. റോഡിൽ കുഴികളും വശങ്ങളിൽ പുല്ലും പാഴ്‌ച്ചെടികളും നിറഞ്ഞ കാഴ്ചയാണ് ഇവിടെ കാണുന്നത്. ആലംകോട് മുതൽ കോരാണി വരെയുള്ള ഭാഗത്തെ റോഡിൽ മിക്ക സ്ഥലത്തും ടാറും മെറ്റലും ഇളകി വലിയ കുഴികൾ രൂപപ്പെട്ട നിലയിലാണ്. ഈ കുഴികളിൽ വീണും ചരലിൽ തെന്നിമറിഞ്ഞും ഇരുചക്ര വാഹന യാത്രക്കാർ അപകടത്തിൽപ്പെടുന്നതും പതിവാണ്. ഒരാൾ പൊക്കത്തിൽ റോഡിന്റെ വശങ്ങളിൽ പുല്ല് വളർന്ന് കിടപ്പുണ്ട്. പാഴ്‌ച്ചെടികളുടെ ചില്ലകൾ റോഡിലേക്കു വളർന്നിറങ്ങിയിരിക്കുന്നതിനാൽ വളവുകളിൽ എതിർദിശയിൽ നിന്നുവരുന്ന വാഹനങ്ങൾ കാണാൻ കഴിയില്ല. ഇതും അപകടക്കെണിയായി മാറുന്നുണ്ട്. മാത്രമല്ല ആലംകോടു മുതൽ കോരാണി വരെ റോഡിൽ തെരുവുവിളക്കുകൾ കത്താത്തതിനാൽ രാത്രികാല യാത്രക്കാർക്ക് വലിയ ഭീഷണിയാണ്. റോഡിന്റെ വശങ്ങൾ കാണാൻ കഴിയില്ല. മാമം ഭാഗത്ത് റോഡിന്റെ ഇരുവശത്തും വലിയ കുഴിയാണ്. എന്നാൽ, ഇവിടെ പുല്ല് വളർന്ന് മൂടിയിരിക്കുന്നതിനാൽ വശങ്ങളിലെ അപകടക്കെണി വാഹനമോടിക്കുന്നവർക്ക് അറിയാൻ കഴിയില്ല. അധികൃതർ ഇടപെട്ട് അടിയന്തര പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.