ചിറയിൻകീഴ്: മുതലപ്പൊഴി അഴിമുഖത്ത് മത്സ്യബന്ധന ഫൈബർ വള്ളം മറിഞ്ഞു. അപകടത്തിൽ 5 പേർക്ക് പരിക്കേറ്റു. പെരുമാതുറ സ്വദേശികളായ സജിൻ, ബയ്‌സിൻ, സുനിൽ, പ്രതീഷ്, ഗിൽബർട്ട് എന്നിവർക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച വൈകുന്നേരം അഞ്ചു മണിയോടെയായിരുന്നു സംഭവം. ഉൾക്കടലിൽ മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിയ വള്ളം മുതലപ്പൊഴി ഹാർബറിലേക്ക് പ്രവേശിക്കുമ്പോഴായിരുന്നു അപകടം. ശക്തമായ തിരയിൽ ഫൈബർ വള്ളം തലകീഴായി മറിയുകയും വള്ളത്തിലുണ്ടായിരുന്നവർ കടലിൽ തെറിച്ചുവീഴുകയും ചെയ്തു. വീഴ്ചയിൽ ഇവർക്ക് പരിക്കേറ്റു. തുടർന്ന് ഇവർ നീന്തി രക്ഷപ്പെടുകയായിരുന്നു. വള്ളത്തിലുണ്ടായിരുന്ന മത്സ്യവും മത്സ്യബന്ധന ഉപകരണങ്ങളും നഷ്ടപ്പെട്ടു. പരിക്കേറ്റവർ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
കഴിഞ്ഞ കുറച്ചു നാളുകളായി ഈ പ്രദേശങ്ങളിൽ ബോട്ട് അപകടങ്ങൾ കൂടുതലാണ്. അപകടങ്ങളിൽ നിരവധി മത്സ്യതൊഴിലാളികൾ മരിക്കുകയും ചെയ്തു.