പുല്ലമ്പാറ : വാമനപുരം നദിയിൽ പുല്ലമ്പാറ – കല്ലറ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന തെള്ളിക്കച്ചാൽ – കരിക്കകം പ്രദേശത്ത് പാലം വേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.പുല്ലമ്പാറ ഗ്രാമപഞ്ചായത്തിലെ തെള്ളിക്കച്ചാൽ, പൊയ്ക്കകത്തു മുകൾ, ആനക്കുഴി, ചെമ്പൻകോട് പട്ടികജാതി കോളനി ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ നൂറു കണക്കിന് ആളുകൾക്ക് പ്രദേശത്തെ പ്രധാന പ്രൈമറി ഹെൽത്ത് സെന്ററായ തട്ടറ പി.എച്ച്.സിയിൽ എത്താനും വിദ്യാർത്ഥികൾക്ക് മിതൃമ്മല, കല്ലറ തുടങ്ങിയ ഹയർസെക്കൻഡറി, എൽ.പി സ്കൂളുകളിൽ എത്താനും നിലവിൽ ഇരുപത് കിലോമീറ്ററോളം ചുറ്റേണ്ട അവസ്ഥയാണ്. മലഞ്ചരക്കിന് പേരുകേട്ട ഈ മേഖലയിലെ കർഷകർ അവരുടെ ഉത്പന്നങ്ങൾ പ്രദേശത്തെ പ്രധാന മലഞ്ചരക്ക് വ്യാപാര – വിപണന കേന്ദ്രമായ കല്ലറ പബ്ലിക് മാർക്കറ്റിൽ എത്തിക്കാനും കിലോമീറ്ററുകൾ കറങ്ങേണ്ട അവസ്ഥയാണ്.
വാമനപുരം നദിയിൽ വെള്ളം കുറയുമ്പോൾ തെള്ളിക്കച്ചാൽ – കരിക്കകത്തിൽ പ്രദേശത്ത് എത്തിയാൽ നാട്ടുകാർ വഴുക്കൻ പാറകൾക്ക് മുകളിലൂടെ സാഹസിക യാത്ര നടത്തുന്നത് കാണാം.ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ ഫോറം നിലവിലെ സാഹചര്യം വിശദീകരിച്ച് കൊണ്ട് മനുഷ്യാവകാശ കമ്മിഷനു മുന്നിൽ പരാതി നൽകിയിട്ടുണ്ട്. ഹർജി ഫയലിൽ സ്വീകരിച്ചു. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി, ചീഫ് എൻജിനിയർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയവർക്കും പരാതി നൽകി. അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് ഇവിടത്തെ സാധാരണക്കാരായ ജനങ്ങൾ.