ആറ്റിങ്ങൽ : പ്രളയകാല ചിന്തകളും ദുരിതാശ്വാസ ക്യാമ്പുകളിലെ അവസ്ഥയുമെല്ലാം ഓരോ മലയാളിയുടെയും ഓർമകളിൽ ഒരായിരം സന്ദേശങ്ങൾ പകർന്നു നൽകുമ്പോൾ, ഒരു തുള്ളി വെള്ളത്തിന്റെ ആവശ്യവും അതിന്റെ സന്ദേശവും പങ്കു വെച്ചുകൊണ്ട് ആറ്റിങ്ങൽ നെടുമ്പറമ്പ് സ്വദേശിയും ആറ്റിങ്ങൽ ഫെഡറൽ ബാങ്ക് ഉദ്യോഗസ്ഥനുമായ അനുശീലൻ സംവിധാനം ചെയ്ത ‘ഒരു തുള്ളി’ എന്ന ഹ്രസ്വ ചിത്രത്തിന് ഒട്ടേറെ പ്രസക്തിയുണ്ട്.മറ്റുള്ളവരെ സഹായിക്കാൻ മനസ്സുണ്ടെങ്കിലും താൻ ചെയ്യുന്നത് ചെറുതായി പോകുമോ എന്ന അപകർഷതാ ബോധം മൂലം തനിക്ക് ചെയ്യാൻ കഴിയുന്നത് പോലും ചെയ്യാതെ പിന്മാറുന്നവർക്ക് ഇതൊരു പ്രചോദന ചിത്രം കൂടിയാണ്. ഒരു കലാകാരൻ തീർച്ചയായും സാമൂഹിക പ്രതിബദ്ധത ഉള്ളയാളാണ്. തന്റെ മാധ്യമത്തിലൂടെ സമൂഹത്തിന് ഒരു സന്ദേശം നൽകാൻ കഴിഞ്ഞാൽ അതൊരു നല്ല കാര്യമാണ് എന്ന ചിന്തയിൽ നിന്നാണ് ഈ ചിത്രം ഉണ്ടായതെന്ന് ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമായ അനുശീലൻ പറഞ്ഞു.
ഓഗസ്റ്റ് 24നു മലയാളികളുടെ പ്രിയപ്പെട്ട നടൻ ഇന്ദ്രൻസാണ് തന്റെ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെ ‘ഒരു തുള്ളി’ എന്ന ഹ്രസ്വ ചിത്രം റിലീസ് ചെയ്തത്. നഷ്ടമാവാത്ത 3 മിനിട്ടാണ് പ്രേക്ഷകർക്ക് ഈ ചിത്രം നൽകുന്നത് എന്നതിനാലാണ് ഇത് വൈറലായി മാറുന്നത്. പല തുള്ളി പെരുവെള്ളം എന്ന് പറയുന്ന പോലെ ഓരോ ചെറിയ നല്ല കാര്യങ്ങളും ചെയ്യാൻ മടിക്കാതെ ഒരുപാട് ചെറിയ കാര്യങ്ങൾ ഒത്തുചേരുമ്പോൾ അത് വലിയ നല്ല കാര്യമായി മാറും എന്നുള്ള സന്ദേശവും ‘ഒരു തുള്ളി’യിലൂടെ സംവിധായകൻ പറയുന്നു.
ഈ ചിത്രത്തിൽ പ്രധാന വേഷം ചെയ്തിരിക്കുന്നത് നിരവധി ചിത്രങ്ങൾക്ക് ക്യാമറമാനായി പ്രവർത്തിച്ചിട്ടുള്ള സിനിമാട്ടോഗ്രാഫറും ക്രിട്ടിക്സ് അവാർഡ് ജേതാവുമായ ആറ്റിങ്ങൽ തച്ചൂർക്കുന്ന് സ്വദേശി അയ്യപ്പനാണ്.
വർഷങ്ങൾക്ക് മുൻപ് ആറ്റിങ്ങൽ ഐടിഐക്ക് സമീപമുള്ള ചായക്കടയിൽ വൈകുന്നേരങ്ങളിൽ ഒത്തുചേരുന്ന സുഹൃത്തുക്കളുടെ കൂട്ടായ്മയായ ‘ചായക്കടയിലെ സിനിമാക്കൂട്ടം’ എന്ന കൂട്ടായ്മയാണ് ഇതുപോലൊരു ചിത്രത്തിന് രൂപം നൽകാൻ കാരണമായത്. സിനിമയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സുഹൃത്തുക്കളുടെ കൂട്ടായ്മ കൂടിയാണ് ‘ചായക്കടയിലെ സിനിമാക്കൂട്ടം’.
ചിത്രത്തിൽ ആറ്റിങ്ങൽ തൊപ്പിച്ചന്ത സ്വദേശി അജീഷ് ലോട്ടസ് ആണ് ക്യാമറ ചെയ്തിട്ടുള്ളത്.
അമൽ മുഹമ്മദ് ആണ് മ്യൂസിക് ചെയ്തിട്ടുള്ളത്.
എഡിറ്റിംഗ്: ബിജിലേഷ് കെ.ബി, ശബ്ദം: നിഖിൽ മാധവ്, ഡിസൈൻ :ബൈജു ബാലകൃഷ്ണൻ എന്നിവരാണ് ചിത്രത്തിന് പിന്നിൽ പ്രവർത്തിച്ചവർ.