വിതുര : വിതുര ഗ്രാമപഞ്ചായത്തിലെ കൊപ്പം പ്രദേശത്തെ കാഴ്ചയാണ് ഇപ്പോൾ നാട്ടുകാർക്ക് സംസാര വിഷയം. വികസനം കൂടിപ്പോയോ എന്നാണ് ജനങ്ങളുടെ സംശയം. വേറൊന്നും കൊണ്ടല്ല വിശാലമായ രീതിയിൽ പണിത ഓടയ്ക്ക് ഇന്റർലോക്കും ഇട്ട് വെള്ളം ഒഴുകി പോകാൻ ചെറിയ പൈപ്പും. ഇനി വെള്ളക്കെട്ട് ഉണ്ടാകില്ലെന്ന മട്ടിലാണ് നിർമാണം നടന്നത്. ഇന്റർലോക്ക് ഇട്ടതും കാൽ നടയാത്രക്കാർക്ക് സൗകര്യം കൂട്ടിയതും നല്ലത് തന്നെ, അതിൽ നാട്ടുകാർക്കും സന്തോഷമുണ്ട്. എന്നാ റോഡിലൂടെ ഒഴുകി വരുന്ന വെള്ളം ഓടയിലേക്ക് ഒഴുകി പോകാൻ വെറും 4 ഇഞ്ച് വ്യാസമുള്ള പൈപ്പാണ് കൊടുത്തിട്ടുള്ളത്. ഈ പൈപ്പിലേക്ക് വെള്ളവും മണ്ണും ചവറും എല്ലാം കൂടി ചെല്ലുമ്പോൾ ആ പൈപ്പ് അടയും. ഇതോടെ വെള്ളം റോഡിൽ കെട്ടാൻ തുടങ്ങും. ഓട ഉണ്ടെങ്കിലും വെള്ളം റോഡിൽ തന്നെ എന്ന അവസ്ഥയാണ് ഇവിടെ ഉണ്ടാകുന്നത്. ടാറിട്ട റോഡിലേക്കും വെള്ളം നിറയാൻ തുടങ്ങിയാൽ റോഡും നശിക്കുമെന്നാണ് നാട്ടുകാർ പറയുന്നത്. അശാസ്ത്രീയമായ നിർമാണ പ്രവർത്തനങ്ങളാണ് ഇവിടെ നടക്കുന്നതെന്നും അധികാരികൾ ഇടപെട്ടു കൊണ്ട് അടിയന്തിരമായി പരിഹരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
