നെല്ലനാട് : നെല്ലനാട് പഞ്ചായത്തിന്റെ സീലും സെക്രട്ടറിയുടെ ഒപ്പും വ്യാജമായി ചമച്ച് ലൈസൻസ് നേടിയ സംഭവത്തിൽ ഗ്യാസ് ഏജൻസി ഉടമക്കെതിരെ വെഞ്ഞാറമൂട് പൊലീസ് കേസെടുത്തു. പഞ്ചായത്ത് അധികൃതർ വെഞ്ഞാറമൂട് പൊലീസിൽ പരാതി നൽകിയതിനെത്തുടർന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് കേസെടുത്തത്. നെല്ലനാട് പഞ്ചായത്തിലെ ഒരു ഗ്യാസ് ഏജൻസിയുടെ ഗോഡൗണിനും ഓഫീസിനും വേണ്ടി വ്യാജ രേഖ ചമച്ച് ലൈസൻസ് സമ്പാദിച്ചുവെന്നാണ് പരാതി.
ഗോഡൗൺ സംബന്ധിച്ചു ഒരു പരാതിക്കാരൻ പഞ്ചായത്തിൽ നൽകിയ അപേക്ഷയിൽ പഞ്ചായത്തിന്റെ ലൈസൻസ് സംബന്ധിച്ചു ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ പഞ്ചായത്തിൽ നിന്നും ലൈസൻസ് നൽകിയിട്ടില്ലെന്ന് ശക്തമായി അധികൃതർ നിലപാടെടുത്തു. തുടർന്ന് പരാതിക്കാരൻ ബന്ധപ്പെട്ട ഇൻഡ്യൻ ഓയിൽ കോർപ്പറേഷൻ ഓഫീസിൽ ഗോഡൗൺ സംബന്ധിച്ചു വിവരാവകാശ അപേക്ഷ സമർപ്പിച്ചു. അവിടെ നിന്നും പഞ്ചായത്ത് ലൈസൻസിന്റെ പകർപ്പ് ലഭിച്ചു. ഇത് നെല്ലനാട് പഞ്ചായത്ത് ഓഫീസിൽ ഹാജരാക്കിയപ്പോഴാണ് വ്യാജമാണെന്ന് തിരിച്ചറിയുന്നത്. ലൈസൻസിലെ സെക്രട്ടറിയുടെ ഒപ്പ്,പഞ്ചായത്ത് സീൽ തുടങ്ങിയവ വ്യാജമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് വെഞ്ഞാറമൂട് പൊലീസ് പറഞ്ഞു.