ആറ്റിങ്ങല്‍: ആറ്റിങ്ങൽ നഗരസഭ ആരോഗ്യ വിഭാഗം ആറ്റിങ്ങലിലെ വിവിധ ഹോട്ടലുകളിൽ പരിശോധന നടത്തി. പഴകിയ ഭക്ഷണങ്ങളും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ക്രമക്കേടുകളും കണ്ടെത്തി. 16 സ്ഥാപനങ്ങളിൽ പരിശോധന നടത്തിയതിൽ 2 ഹോട്ടലുകള്‍ അടച്ചുപൂട്ടി. ഗുരുതരമായ ശുചീകരണ ക്രമക്കേടും മറ്റും കണ്ടെത്തിയ ആലംകോട് പുളിമൂട് ജംഗ്ഷനിലെ ഹോട്ടല്‍ അഭിഷേകും കച്ചേരി നട പോലീസ് സ്റ്റേഷന് റോഡിലെ ആകാശ് ടീഷോപ്പുമാണ് പൂട്ടിയത്. ഹോട്ടല്‍ ഇമ്രാന്‍സ്, ഹോട്ടല്‍ മപ്പാസ്, സൂര്യ ടീ ഷോപ്പ്, ഐവ ടീ ഷോപ്പ് എന്നീ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയെന്നും പിഴ ഈടാക്കുമെന്നും അറിയിച്ചു. ആരോഗ്യവിഭാഗം കൂടെക്കൂടെ പരിശോധന നടത്തുന്നതിനാൽ മറ്റ് ഹോട്ടലുകളിൽ തൃപ്തികരമായ സാഹചര്യമാണെന്നും അധികൃതർ പറഞ്ഞു.
