പഴയകുന്നുമ്മേൽ :കഴക്കൂട്ടം വെട്ടുറോഡ് മുതൽ അടൂർ വരെ എംസി റോഡ‌് മാതൃകാ സുരക്ഷിത ഇടനാഴിയാക്കുന്നതിന്റെ ഭാഗമായി കിളിമാനൂർ ജംഗ്ഷൻ പുനർ രൂപകല്പന ചെയ്യുന്നതിനായുള്ള അവലോകന യോഗം ചേർന്നു. യോഗം ബി സത്യൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ‌് എസ് സിന്ധു അധ്യക്ഷയായി. കെഎസ്ടിപി ലോക ബാങ്കിന്റെ സഹായത്തോടെയാണ് പദ്ധതി. ദേശീയ ഗതാഗത ആസൂത്രണ ഗവേഷണ കേന്ദ്രത്തിന്റെ നിർദേശ പ്രകാരമാണ് പദ്ധതി നടപ്പിലാക്കുന്നത്.
റോഡിന്റെ വിവിധ ഭാഗങ്ങളിൽ വലിയ തോതിൽ കൈയേറ്റങ്ങൾ നടന്നിട്ടുണ്ടെന്നും അവ തിരിച്ചുപിടിക്കണമെന്നും മേൽപ്പാലങ്ങൾ നിർമിക്കണമെന്നും എംസി റോഡുമായി ബന്ധപ്പെട്ട ഇടറോഡുകളുടെ തുടക്കത്തിൽ ഉള്ള പ്രശ്നങ്ങൾ പരിഹരിക്കണമെന്നതടക്കം വിവിധ ആവശ്യങ്ങൾ പരിഗണിച്ച് മാത്രമേ രൂപരേഖ നിർമിക്കുകയുള്ളൂവെന്ന് ബി സത്യൻ എംഎൽഎ അറിയിച്ചു. കെഎസ്ടിപി ഉദ്യോഗസ്ഥർ, ജന പ്രതിനിധികൾ, വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതാക്കൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ, ഓട്ടോ ടാക്സി തൊഴിലാളി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.