മണമ്പൂർ : ജില്ല പഞ്ചായത്ത് മണമ്പൂർ ഡിവിഷൻ ഉപതിരഞ്ഞെടുപ്പിന്റെ അവസാന ദിവസമായ ഇന്ന് നടന്ന വിവിധ രാഷ്ട്രീയ പാർട്ടികളുടെ കൊട്ടിക്കലാശത്തിൽ പൊലീസ് ലാത്തി വീശി. തുടർന്ന് നടന്ന സംഘർഷത്തിൽ സി.പി.എം നേതാക്കൾക്കും പോലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റു .
ഇന്ന് വൈകുന്നേരം നാലര മണിയോടെയായിരുന്നു സംഭവം. കല്ലമ്പലം ജംഗ്‌ഷൻ കേന്ദ്രീകരിച്ച് ദേശീയ പാതയിലായിരുന്നു കൊട്ടിക്കലാശം നടന്നത്. നാലര മണിയോടെ കൊട്ടിക്കലാശം നിയന്ത്രണാതീതമാകുമെന്ന സ്ഥിതിയായതിനെ തുടർന്ന് കൂടുതൽ പോലീസ് സേനയുമായി കല്ലമ്പലം പോലീസ് റോഡിൽ പ്രതിരോധം തീർത്തിരുന്നു. എന്നാൽ പാർട്ടിപ്രവർത്തകരിൽ ചിലർ നീളമുള്ള കോടിക്കമ്പുകൾ കൊണ്ട് പോലീസിന്റെ തൊപ്പി തട്ടി തെറിപ്പിച്ചതാണ് സംഘർഷങ്ങളുടെ തുടക്കം. ആദ്യം തട്ടിത്തെറിപ്പിച്ച തൊപ്പി തിരികെ വച്ച ഉദ്യോഗസ്ഥന്റെ തലയിൽ നിന്നും വീണ്ടും തൊപ്പി തട്ടി തെറിപ്പിച്ചതിനെ തുടർന്ന് പോലീസ് ഒരാളെ പിടികൂടാൻ ശ്രമിച്ചത് പാർട്ടി പ്രവർത്തകരെ പ്രകോപിപ്പിച്ചു. ഇതിനെ തുടർന്ന് നടന്ന ഉന്തും തള്ളലുമാണ് ലാത്തി വീശലിൽ കലാശിച്ചത് .