വർക്കല: ഡ്രൈഡേയിൽ വിദേശമദ്യവിൽപ്പന നടത്തിവന്നയാളെ വർക്കല എക്സൈസ് അറസ്റ്റ് ചെയ്തു. ഇടവ പാറയിൽ ആഴാന്തവിള വീട്ടിൽ നവാസ് (48) ആണ് പിടിയിലായത്. 10 ലിറ്റർ വിദേശമദ്യം ഇയാളിൽനിന്നു പിടിച്ചെടുത്തു.
മദ്യശാലകൾ അവധിയായ ഒന്നാംതീയതി ഇടവ ജങ്ഷനു സമീപമാണ് ഇയാൾ മദ്യവിൽപ്പന നടത്തിയത്. വലിയ അളവിൽ മദ്യം വാങ്ങി സൂക്ഷിച്ചശേഷം പുലർച്ചെ നാലുമണിമുതലാണ് വിൽപ്പന നടത്തിയത്. ഓണം സ്പെഷ്യൽ ഡ്രൈവുമായി ബന്ധപ്പെട്ട് ഇടവ, കാപ്പിൽ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിലാണ് അറസ്റ്റിലായത്.
ഇയാൾ വളരെക്കാലമായി എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. വർക്കല എക്സൈസ് ഇൻസ്പെക്ടർ എം.മഹേഷിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർമാരായ ദേവലാൽ, എ.ബിജു, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രിൻസ്, മഹേഷ്, അരുൺരാജ്, പ്രണവ്, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ ബി.ദീപ്തി, പി.ദീപ്തി, സ്മിത എന്നിവർചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.