ചിറയിൻകീഴ് : ചിറയിൻകീഴ് മുടപുരത്ത് മദ്യപസംഘം തട്ടുകട അടിച്ചു തകർത്തതായി പരാതി. മുടപുരം കൊച്ചാലുംമൂട് ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന തട്ടുകടയിലാണ് കഴിഞ്ഞദിവസം രാത്രി അക്രമം നടന്നത്.
കൊച്ചാലുംമൂട് ജംഗ്ഷന് സമീപം രണ്ട് ബൈക്കുകളിലായി എത്തിയ മുവർ സംഘം യാത്രക്കാരെ ചീത്ത വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനുശേഷം സമീപത്തെ വസന്തയുടെ തട്ടുകടയിൽ എത്തി ഭീഷണിപ്പെടുത്തുകയും ആഹാരം ആവശ്യപ്പെടുകയും ചെയ്തു. പണം നൽകാതെ ആഹാരം നൽകില്ലെന്ന് വസന്ത പറഞ്ഞതിൽ പ്രകോപിതരായ സംഘം അവിടെ ഉണ്ടായിരുന്ന ഇറച്ചിക്കറി റോഡിലേക്ക് വലിച്ചെറിഞ്ഞു. പാത്രങ്ങളും മറ്റു സാധനങ്ങളും തകർക്കുകയും ചെയ്തു. ഈ സമയം കടയിലുണ്ടായിരുന്ന വസന്തയുടെ മകൻ ബിനാദ് അക്രമികളെ തടഞ്ഞു. തുടർന്ന് സംഘം ബിനാദിനെ ക്രൂരമായി മർദിച്ചു. തടയാൻ ശ്രമിച്ച വസന്തയ്ക്കും മർദ്ദനമേറ്റു. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ അക്രമികളിൽ ഒരാളെ പിടികൂടി. കൂടെ ഉണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. ചിറയിൻകീഴ് പോലീസ് സ്ഥലത്തെത്തി കുറക്കട സ്വദേശിയായ രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.