തൊളിക്കോട്: തൊളിക്കോട് മലയടിയിൽവച്ച് ബൈക്കിൽ സഞ്ചരിച്ച അനസിനെ (32) കാറിടിച്ചുവീഴ്‌ത്തുകയും ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്‌ത കേസിലെ ഒന്നാം പ്രതി ചേന്നാംപാറ പുളിമൂട് കാവും മൂല അഫി ലഹ് മൻസിലിൽ ഷാഫി(37) കോടതിയിൽ കീഴടങ്ങി. ഇന്നലെ രാവിലെ നെടുമങ്ങാട് കോടതിയിലാണ് പ്രതി കീഴടങ്ങിയത്.
ഈ സംഭവത്തിൽ ആര്യനാട് പൊലീസ് ഇക്കഴിഞ്ഞ എട്ടാം തീയതി അഞ്ച് പ്രതികളെ അറസ്റ്റുചെയ്‌തിരുന്നു. ഒന്നാം പ്രതിയ്ക്കായുള്ള തെരച്ചിൽ ഊർജ്ജിതപ്പെടുത്തുന്നതിനിടയിലാണ് ഇയാൾ കോടതിയിൽ കീഴടങ്ങിയത്. ഇനി രണ്ട് പ്രതികളെയും ഗൂഢാലോചനയിൽ പങ്കെടുത്ത രണ്ടുപേരെയും കൂടി കിട്ടാനുണ്ട്.
ഇക്കഴിഞ്ഞ ജനുവരി 14ന് രാവിലെ 10.30ന് മലയടി തടിമില്ലിന് സമീപമാണ് ആക്രമണമുണ്ടായത്. ഇരുത്തലമൂലയിൽ നിന്ന് പറണ്ടോട് ഭാഗത്തേയ്ക്ക് വന്ന തൊളിക്കോട് ഫ്ലാറ്റിൽ വാടയ്ക്കക്ക് താമസിക്കുന്ന അനസിന്റെ ബൈക്കിനെ എതിരേവന്ന കാർ ഇടിച്ചിടുകയായിരുന്നു. ബൈക്കിന് പിന്നിലെ യാത്രക്കാരനായ യൂസഫിനെ അക്രമികൾ വിരട്ടിയോടിക്കുകയും നിലത്ത് വീണുകിടന്ന അനസിനെ കാറിലുണ്ടായിരുന്നവർ വാളുകൊണ്ട് വെട്ടി ഗുരുതരമായി പരിക്കേൽപ്പിക്കുകയുമായിരുന്നു. നിലവിളി കേട്ട് രക്ഷിക്കാൻ നാട്ടുകാർ ഓടിയെത്തുന്നതിനിടെയാണ് അക്രമികൾ ബോംബെറിഞ്ഞത്. അനസും ബൈക്കിന് പിന്നിലുണ്ടായിരുന്ന യൂസഫും ചേർന്ന് വിതുരയിൽ വച്ച് ഒന്നാം പ്രതിയായ ഷാഫിയെ ആക്രമിച്ച വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് സി.ഐ ബി.അനിൽകുമാർ അറിയിച്ചു. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തും.