ആറ്റിങ്ങൽ : ഓണത്തിരക്ക് ആറ്റിങ്ങലിൽ മുറുകുമ്പോഴും ആറ്റിങ്ങൽ പട്ടണം ഇരുട്ടിലെന്ന് ആക്ഷേപം. വിവിധ സ്ഥലങ്ങളിൽ നിന്ന് ആയിരക്കണക്കിന് ആളുകളാണ് ഓണത്തോട് അനുബന്ധിച്ച് രാവിലെ മുതൽ ആറ്റിങ്ങലിൽ എത്തുന്നത്. എന്നാൽ നേരം വൈകിയാൽ വാഹനങ്ങളുടെയും മറ്റു കച്ചവട സ്ഥാപനങ്ങളുടെയും വെളിച്ചം മാത്രമാണ് ഇവിടെ എത്തുന്നവർക്ക് ആശ്വാസം. അല്ലെങ്കിൽ പിന്നെ മൊബൈൽ ഫോണിലെ ടോർച്ച് കത്തിക്കണം.നഗരസഭ മന്ദിരത്തിന് മുന്നിൽ പോലും തെരുവ് വിളക്ക് കത്തുന്നില്ലെന്നാണ് യാത്രക്കാർ പറയുന്നത്. ദീപാലങ്കാരം നടത്തിയെങ്കിലും കളർ ലൈറ്റ് കാണാൻ ആകർഷണം ഉണ്ടന്നേയുള്ളു, വെളിച്ചത്തിനു തെരുവ് വിളക്ക് തന്നെ വേണം. രാത്രി വൈകിയും സാധനങ്ങൾ വാങ്ങാൻ എത്തിയവരാണ് ആകെ വിഷമത്തിലായത്. ആറ്റിങ്ങൽ ബി. ടി. എസ് റോഡും കൂരിരുട്ടലാണെന്നും അതുവഴി നടക്കാൻ കഴിയുന്നില്ലെന്നും നാട്ടുകാർ പറയുന്നു.
ഓണം വന്നാലും എന്ത് ആഘോഷം വന്നാലും നഗരം ഇരുട്ടിലാക്കിയിടുന്നത് ജനങ്ങൾക്കിടയിൽ കടുത്ത അമർഷമുണ്ട്. ഒരുപാട് നാളായി ഇവിടെ മിക്ക സ്ഥലങ്ങളിലും തെരുവ് വിളക്കുകൾ കത്തുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. അധികാരികൾ കേട്ട ഭാവം പോലും നടിക്കുന്നില്ലെന്നാണ് യാത്രക്കാർ ആരോപിക്കുന്നത്.