പേയാട്: നാടിന് നന്മ പകർന്ന മുത്തശ്ശിക്ക് ഓണക്കോടി സമ്മാനിക്കാൻ ഉത്രാടനാളിൽ ഡെപ്യൂട്ടി സ്പീക്കറെത്തി. തന്റെ പേരിലുണ്ടായിരുന്ന ഒരേക്കർ ഭൂമി വിളപ്പിൽശാല ആശുപത്രിക്കു സമ്മാനിച്ച വിളപ്പിൽശാല കൊല്ലംകോണം അമ്പലത്തുംവിള സരസ്വതിഭായി(94)യെ കാണാനാണ് ഡെപ്യൂട്ടി സ്പീക്കർ വി.ശശിയെത്തിയത്.
അരികത്തിരുന്ന് മുത്തശ്ശിയെ ചേർത്തുപിടിച്ച് സ്നേഹമറിയിച്ച ഡെപ്യൂട്ടി സ്പീക്കർക്കു മുന്നിൽ അവർ സന്തോഷംകൊണ്ടു വിതുമ്പി. നല്ലനാളിൽ കോടികൾ വിലമതിക്കുന്ന സമ്പാദ്യം നാടിന് ദാനംചെയ്ത മുത്തശ്ശിയുടെ കഥയറിഞ്ഞായിരുന്നു സ്നേഹസമ്മാനവുമായി അദ്ദേഹത്തിന്റെ സന്ദർശനം.
സരസ്വതീഭായിക്കു കുടുംബ ഓഹരിയായിക്കിട്ടിയ ഭൂമിയാണ് അവർ അരനൂറ്റാണ്ടു മുൻപ് നാടിന്റെ വികസനത്തിന് സ്വമേധയാ നൽകിയത്. വിളപ്പിൽശാല ആശുപത്രിക്കടുത്ത് മകൻ ഭദ്രകുമാറിനൊപ്പമാണ് ഇവരുടെ താമസം.നേമം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിളപ്പിൽ രാധാകൃഷ്ണൻ, പഞ്ചായത്ത് പ്രസിഡന്റ് കെ.അനിൽകുമാർ, സതീഷ്‌കുമാർ, ഷാജിദേവദാസ് എന്നിവരും ഡെപ്യൂട്ടി സ്പീക്കർക്കൊപ്പമുണ്ടായിരുന്നു.