വിളപ്പിൽശാല : മരം കടപുഴകി വീട് തകർന്നു. വീട്ടുകാർ അത്ഭുതകരമായി രക്ഷപെട്ടു. വിളപ്പിൽശാല കൊങ്ങപ്പള്ളി രതീഷ് ഭവനിൽ രാജുവിന്റെ വീടാണ് തകർന്നത്. ഇന്നലെ പുലർച്ചെ ശക്തമായ കാറ്റിൽപ്പെട്ടാണ് മരം കടപുഴകിയത്. അപകട സമയത്ത് രാജുവും ഭാര്യ ചന്ദ്രികയും മകൾ രതികയും പേരക്കുട്ടിയും വീട്ടിൽ ഉറക്കത്തിലായിരുന്നു. വേരുകൾ ദ്രവിച്ച് നിന്ന ആഞ്ഞിലി ശക്തമായ കാറ്റിൽ വീടിന് മുകളിലേക്ക് മറിയുകയായിരുന്നു. ഇതിനൊപ്പം വൈദ്യുത കമ്പിയും പൊട്ടി വീണു. എങ്കിലും വീട്ടുകാർക്ക് യാതൊരു പരിക്കുമുണ്ടായില്ല.കാട്ടാക്കട ഫയർഫോഴ്സ് യൂണിറ്റ് എത്തിയെങ്കിലും ചുവരുകൾ വിണ്ടുകീറിയ മൺകൂരയ്ക്ക് മുകളിൽ കയറി മരം മുറിച്ചുനീക്കാനാകില്ലെന്ന് അറിയിച്ച് മടങ്ങിപ്പോയി. കടപുഴകിയ മരം മുറിച്ച് മാറ്റുന്നതോടെ വീട് പൂർണമായി തകരുമെന്നതിന്റെ സങ്കടത്തിലാണ് രാജുവും കുടുംബവും.
