ചിറയിൻകീഴ്: കടകം മുസലിയാർ കോളേജ് റോഡിൽ നിന്നും മൂന്നാറ്റുമുക്കുമായി ബന്ധിപ്പിച്ചുള്ള റോഡ് നിർമ്മാണത്തിനായി സ്ഥലം വിട്ടുനൽകി ഫാമിലി പ്ലാസ്റ്റിക് ഉടമ മാതൃകയായി. മുസലിയാർ കോളേജിന് സമീപം ചന്തിരത്തുവാടയിൽ നടന്ന ചടങ്ങിൽ സ്ഥലം വിട്ടുകൊണ്ടുള്ള സമ്മതപത്രം കയർ അപ്പെക് സ് ബോഡി വൈസ് ചെയർമാനും മുൻ എം.എൽ.എയുമായ ആനത്തലവട്ടം ആനന്ദൻ, ഫാമിലി പ്ലാസ്റ്റിക് എം.ഡി സിംസൻ എ ഫെർണാണ്ടസിൽ നിന്നും ഏറ്റുവാങ്ങി. ആനത്തലവട്ടം ആനന്ദൻ സമ്മതപത്രം വയലിൽ തിട്ട വീട്ടിൽ ഏഴുപതുകാരിയായ ഭവാനിയ്ക്ക് കൈമാറി. വാർഡ് മെമ്പർ സജിനാദേവി, എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് താലൂക്ക് യൂണിയൻ അംഗം എസ് സുന്ദരേശൻ, ബൈജു ആറടിപ്പാത, ബി സതീശൻ, ജി വിശ്വദർശൻ തുടങ്ങിയവർ പങ്കെടുത്തു.
ചിറയിൻകീഴ് പഞ്ചായത്തിലെ കടകം മുസലിയാർ കോളേജ് റോഡിൽ നിന്നും മൂന്നാറ്റുമുക്ക് റോഡുമായി ബന്ധിപ്പിച്ച് റോഡ് നിർമ്മിക്കുന്നതിനായാണ് സ്ഥലം വിട്ടുനൽകിയത്. വാഹന ഗതാഗത സൗകര്യമുണ്ടാക്കാനായി തൻ്റെ വസ് തുവിൽ നിന്നും മൂന്ന് മീറ്റർ വീതിയിൽ പതിനഞ്ച് സെൻ്റ് സ്ഥലമാണ് റോഡിനായി വിട്ടുനൽകിയത്. ആദ്യം വഴി നടക്കുന്നതിനായി ഒരു മീറ്റർ വീതിയിൽ സ്ഥലം വിട്ടുനൽകി. റോഡ് യാഥാർത്ഥ്യമായാൽ വാഹന ഗതാഗതവും സുഗമമാകുമെന്നതിനാലാണ് മൂന്ന് മീറ്റർ കൂടി വിട്ടുനൽകിയത്. പ്രദേശത്ത് തിങ്ങിപാർക്കുന്ന ഇരുപത്തഞ്ചോളം പട്ടികജാതി കുടുംബങ്ങൾക്ക് നേരിട്ടും അമ്പതോളം കുടുംബങ്ങൾക്കും ഈ റോഡ് പ്രയോജനമുണ്ടാകും.