ആറ്റിങ്ങൽ : ആറ്റിങ്ങൽ കൊല്ലമ്പുഴയിൽ വിനോദസഞ്ചാര വകുപ്പിന്റെ 28.5 ലക്ഷം രൂപ ചെലവിട്ട് പുനർനിർമാണം നടത്തിയ പാർക്കിൽ ഓണത്തിരക്ക് കൂടുന്നു. ഓണാവധിക്ക് മുമ്പാണ് പാർക്ക് തുറന്നത്. അത് കുട്ടികൾക്ക് വളരെ ഉപയോഗപ്രദമായി. കുട്ടികളുടെ ലോകമാണ് പാർക്ക്. അതുകൊണ്ട് തന്നെ കുട്ടികൾക്ക് പാർക്കിൽ എത്തിയാൽ തിരികെ വീട്ടിൽ പോകാൻ മടിയാണ്.
പാർക്കിൽ ആധുനിക കളിക്കോപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. മാത്രമല്ല ആറ്റിങ്ങലിന്റെ ചരിത്രം വിശദമാക്കുന്ന ഒരു ചിത്രശാലയും ഒരുക്കിയിട്ടുണ്ട് കൂടാതെ പാർക്കിനുള്ളിൽ ലഘുഭക്ഷണശാലയുമുണ്ട്. ചെസ്, കാരംസ്, റിങ്ബോൾ തുടങ്ങിയ വിനോദോപാധികളും പാർക്കിൽ സജ്ജമാക്കിയിട്ടുണ്ട്. കക്കൂസ് ഉൾപ്പെടെയുള്ള സൗകര്യങ്ങളും സജ്ജമാണ്.
പ്രവൃത്തിദിവസങ്ങളിൽ വൈകീട്ട് നാലുമുതൽ ഏഴുവരെയും അവധിദിവസങ്ങളിൽ വൈകീട്ട് മൂന്നുമുതൽ രാത്രി എട്ടുവരെയും കുട്ടികൾക്ക് പ്രവേശനം നല്കാനാണ് തീരുമാനം. പതിനഞ്ച് വയസ്സുവരെ പ്രായമുള്ള കുട്ടികൾക്കാണ് പ്രവേശനം. കുട്ടികൾക്കൊപ്പമെത്തുന്ന രക്ഷിതാക്കൾക്കും പാർക്കിനുള്ളിൽ കടക്കാം. കളിക്കോപ്പുകൾ ഉപയോഗിക്കാൻ കുട്ടികൾക്കുമാത്രമേ അനുവാദമുണ്ടാകൂ.
പാർക്കിൽ എത്തിയ കുട്ടികൾക്കൊപ്പം നഗരസഭ ചെയർമാൻ എം പ്രദീപ് സമയം ചെലവഴിച്ചത് ശ്രദ്ധേയമായി.