വക്കം: വക്കത്ത് യുവാവിനെ ആറംഗസംഘം വീടുകയറി ആക്രമിച്ചതായി പരാതി. മല്ലംകുന്നുവിളയിൽ ഷൈനു (34)വിനെയാണ് കുന്നുവിള സ്വദേശികളായ യുവാക്കൾ വീടുകയറി മർദിച്ചത്.
2 മാസങ്ങൾക്ക് മുൻപ് നടന്ന മറ്റൊരു അക്രമ സംഭവത്തിന്റെ പക പോക്കലാണ് ഷൈനുവിന് നേരെയുള്ള അക്രമത്തിനു കാരണമെന്നാണ് സൂചന. ചൊവ്വാഴ്ച രാത്രി 12 മണിയോടെയാണ് അക്രമം നടന്നത്. ഉറങ്ങിക്കിടക്കുകയായിരുന്ന ഷൈനുവിനെ വിളിച്ചുണർത്തി മർദിക്കുകയായിരുന്നു. പിടിച്ചുമാറ്റാൻ ശ്രമിച്ച ഷൈനുവിന്റെ അമ്മ ലീലയ്ക്കും മർദനമേറ്റതായി പറയുന്നു.
അപകടത്തിൽ പരിക്കേറ്റിരുന്ന ഷൈനുവിന്റെ കാല് അക്രമികൾ അടിച്ചൊടിച്ചു. കമ്പിയും പ്ലേറ്റും ഇട്ടിരുന്ന കാലാണ് അക്രമികൾ അടിച്ചൊടിച്ചത്. മുഖത്തും മൂക്കിലും മുതുകിലും അക്രമികൾ ക്രൂരമായി മർദനമേറ്റതായി പറയുന്നു.
വീട്ടുപകരണങ്ങൾ അടിച്ചുനശിപ്പിക്കുകയും വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും മൊബൈൽ ഫോണും നഷ്ടമായെന്നും വീട്ടുകാർ പറയുന്നുണ്ട്. പോലീസെത്തിയാണ് ഷൈനുവിനെ ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ എത്തിച്ചത്. കണ്ടാലറിയുന്ന ആറുപേരാണ് അക്രമത്തിന് പിന്നിലെന്ന് സൂചിപ്പിച്ച് ഷൈനുവിന്റെ അമ്മ ലീല പോലീസിൽ പരാതി നൽകി.
എന്നാൽ ഈ അക്രമ സംഭവങ്ങൾക്ക് പിന്നിൽ കഞ്ചാവും മറ്റു ലഹരി ഉത്പന്നങ്ങളുടെ കാരണങ്ങൾ ഉണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. കടയ്ക്കാവൂർ പോലീസ് അന്വേഷണം ആരംഭിച്ചതായി എസ്ഐ വിനോദ് വിക്രമാദിത്യൻ അറിയിച്ചു.