കടയ്ക്കാവൂർ : കടയ്ക്കാവൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ മധ്യവയസ്കൻ താമസിക്കുന്ന വീട്ടിലേക്ക് പോലീസ് അതിക്രമിച്ച് കയറി എന്ന് പരാതി. മേൽ കടയ്ക്കാവൂർ സ്വദേശി അജയ് വിശ്വനാഥൻ ആണ് ഇത് സംബന്ധിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് സംഭവം. യൂണിഫോം ധരിച്ച ഒരു പൊലീസ് ഉദ്യോഗസ്ഥനും യൂണിഫോം ഇല്ലാത്ത ഒരു പോലീസ് ഉദ്യോഗസ്ഥനും കൂടി തന്റെ വീട്ടിൽ വന്നെന്നും അതിൽ യൂണിഫോം ഇല്ലാത്ത ഉദ്യോഗസ്ഥൻ തന്റെ അനുവാദമില്ലാതെ വീട്ടിലേക്ക് അതിക്രമിച്ചു കയറി എന്നാണ് അജയ് പറയുന്നത്. അയൽവാസിയായ സ്ത്രീ നൽകിയ പരാതിയിലാണ് പോലീസ് അവിടെ ചെന്നതെന്ന് പോലീസ് അജയിയോട് പറഞ്ഞെന്നും ആരോ ആ സ്ത്രീയുടെ മുഖത്ത് നോക്കി 3 പ്രാവിശ്യം റോഡിൽ തുപ്പി എന്ന് പറഞ്ഞാണ് പോലീസ് അവിടെ വന്നതെന്നും അജയ് പറയുന്നു. മാത്രമല്ല ആ തുപ്പിയയാൾ അജയുടെ വീട്ടിലേക്ക് വന്നവരാണെന്നും അത് അന്വേഷിക്കാനാണ് പോലീസ് എത്തിയതെന്നും അജയ് പറയുന്നു. എന്നാൽ അങ്ങനെ ഒരു സംഭവം തന്റെ ഭാഗത്ത് നിന്നോ തന്റെ വീട്ടിലുള്ളവരുടെ ഭാഗത്ത് നിന്നോ ഉണ്ടായിട്ടില്ലെന്ന് പാരലൽ കോളേജ് അധ്യാപകൻ കൂടിയായ അജയ് പറഞ്ഞു. അതിനിടയിൽ മൊബൈൽ ഫോണും കയ്യിൽ പിടിച്ച് യൂണിഫോം ഇല്ലാത്ത ഉദ്യോഗസ്ഥൻ വീട്ടിലേക്ക് അതിക്രമിച്ചു കയറി വീഡിയോ എടുക്കാൻ ശ്രമിച്ചെന്നും തന്റെ അനിയൻ അത് തടഞ്ഞെന്നും അദ്ദേഹം പറയുന്നു. ഒരു കാര്യവുമില്ലാതെ തന്റെ വീട്ടിൽ പോലീസ് അതിക്രമിച്ചു കയറിതിനെതിരെ ഉന്നത പോലീസ് അധികാരികൾക്ക് താൻ പരാതി നൽകുമെന്ന് അജയ് പറഞ്ഞു.
എന്നാൽ ഇതുമായി ബന്ധപ്പെട്ട് കടയ്ക്കാവൂർ പോലീസിൽ അന്വേഷിച്ചപ്പോൾ അറിയുന്നത് മറ്റൊരു കഥയാണ്. അജയന്റെ അയൽവാസിയായ സ്ത്രീ തുപ്പിയെന്നു ഒരു പരാതി സ്റ്റേഷനിൽ നൽകിയിട്ടില്ല, പോലീസ് അത് അന്വേഷിച്ചുമല്ല അവിടെ പോയത്. അയൽവാസിയായ സ്ത്രീയ്ക്കും കുടുംബത്തിനും ശല്യമാകുന്ന രീതിയിൽ കൂട്ടുകാരുമൊത്ത് അജയ് പരസ്യമായി മദ്യം കഴിച്ചുകൊണ്ട് വീട്ടിലേക്ക് എത്തി നോക്കുകയും അസഭ്യം വിളിക്കുകയും ചെയ്തു എന്ന് ആദ്യം സ്ത്രീ പോലീസ് സ്റ്റേഷനിൽ വിളിച്ചു പറയുകയും പിന്നെ നേരിട്ട് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. ആ സ്ത്രീയുടെ പരാതിയിലാണ് പോലീസ് അന്വേഷിച്ചു ചെന്നത്. മാത്രമല്ല വീടിനകത്ത് കൂട്ടമായി മദ്യപിക്കുന്നോ എന്നറിയാനാണ് പോലീസ് മൊബൈൽ ഫോണും കയ്യിൽ പിടിച്ച് വീട്ടിലേക്ക് കയറിയത്. പൊലീസിന് ലഭിച്ച സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സ്ത്രീയുടെ 10ഉം, 4ഉം വയസ്സുള്ള മക്കൾക്കും സ്ത്രീയ്ക്കും ഇവരുടെ ശല്യം സഹിക്കാൻ കഴിയുന്നില്ലെന്നും ഭയന്നാണ് കഴിയുന്നതെന്നും പോലീസ് പരിഹാരം കാണണമെന്നുമാണ് ആവശ്യപ്പെട്ടിട്ടുള്ളത്. എന്തായാലും വിശദമായ അന്വേഷണം നടന്നു വരുകയാണ്.