പുല്ലമ്പാറ :പുല്ലമ്പാറ ഗ്രാമ പഞ്ചായത്തിലെ കുളപ്പറം നിവാസികളുടെ യാത്ര ദുരിതത്തിൽ. ഗ്രാമവാസികൾക്ക് പുറം ലോകവുമായി ബന്ധപ്പെടാനുള്ള അണാത്ത് തോട് പാലവും, കുളപ്പുറം അയ്യമ്പാറ റോഡും നാശത്തിന്റെ വക്കിലാണ്. മീൻമുട്, മുക്കുടിൽ, പുല്ലുട്ട് കോണം ഭാഗങ്ങളിൽ നിന്ന് ഒഴുകി എത്തുന്ന തോട് മൂന്നു തോട് മുക്കിൽ വന്ന് ഒന്നായി തീർന്നാണ് പടിഞ്ഞോറോട്ടൊഴുകി മൂഴിൽ വച്ച് വാമനപുരം നദിയിൽ പതിക്കുന്നത്. ഇവിടാണ് അണാത്ത് പാലം സ്ഥിതി ചെയ്യുന്നത്. 36 വർഷം മുൻപ് നിർമ്മിച്ച പാലം ഇന്ന് ജീർണാവസ്ഥയിലാണുള്ളത്.
കരിങ്കല്ലുകൊണ്ട് തീർത്ത രണ്ട് ഭിത്തികളിലാണ് പാലം കോൺക്രീറ്റ് ചെയ്തിരിക്കുന്നത്. കൈവരികളില്ലാത്ത പാലം കോൺക്രീറ്റ് ഇളകി കമ്പികൾ പുറത്തു വന്നിരിക്കുകയാണ്. ഭൂമിയില്ലാത്തവർക്ക് സർക്കാർ നൽകിയ ഭൂമിയാണ് കുളപ്പുറം മിച്ചഭൂമി. വാഹന സൗകര്യങ്ങൾ ഒന്നും ഇല്ലാതിരുന്ന ആ കാലത്ത് മിച്ച ഭൂമിയിലേക്ക് പോകാനായി ഉണ്ടായിരുന്നത് തെങ്ങും തടിപ്പാലവും ആയിരുന്നു. പിന്നീട് അത് മാറ്റിയാണ് ഈ പാലം നിർമിച്ചത്. 150 ൽ അധികം കുടുംബങ്ങൾ വസിക്കുന്ന കുളപ്പുറം മിച്ചഭൂമിയിലേക്ക് വാഹനങ്ങൾ എത്താൻ സൗകര്യം ഇല്ലാത്തതിനാൽ അസുഖ ബാധിതരെയും കിടപ്പു രോഗികളെയും ചാക്ക് കട്ടിലിലാണ് അക്കരെ ഇക്കരെ എത്തിച്ചിരുന്നത്. ജീർണ്ണാവസ്ഥയിലായതും സുരക്ഷിതത്വമില്ലാത്തതുമായ അണാത്ത് തോട് പാലം പുതുക്കി പണിത് വാഹന സൗകര്യമുള്ളതാക്കി തീർക്കണമെന്നാണ് ഗ്രാമീണരുടെ ആവശ്യം.