നാവായിക്കുളം :നാവായിക്കുളം ഭരണിക്കാവ് ഭഗവതി ക്ഷേത്രത്തിലേക്ക് റോഡ് വേണമെന്ന ആവശ്യം ശക്തമാകുന്നു. നെൽപ്പാടങ്ങൾക്കു നടുവിൽ മരങ്ങളാൽ ചുറ്റപ്പെട്ട പ്രദേശത്തിന്റെ ഒത്ത നടുവിലായാണ് ക്ഷേത്രം. നാവായിക്കുളം ശ്രീശങ്കര നാരായണസ്വാമിക്ഷേത്രത്തോളം കാലപ്പഴക്കം ഈ ക്ഷേത്രത്തിനുമുണ്ട്. ചന്ദനമരങ്ങൾ, ഔഷധസസ്യങ്ങൾ, മറ്റു വൃക്ഷലതാദികൾ എന്നിവയാൽ സമ്പുഷ്ടമായ ക്ഷേത്രം ഈ നാടിന്റെ ഐശ്വര്യത്തിന്റെ പ്രതീകമാണെങ്കിലും ക്ഷേത്രത്തിലേക്ക് ഒരു റോഡ് ഇനിയും യാഥാർഥ്യമായിട്ടില്ല.
എല്ലാവർഷവും മീനമാസത്തിലെ ഭരണി നാളിലാണ് ഇവിടെ ഉത്സവം. നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന ഈ ക്ഷേത്രത്തിലേക്ക് റോഡ് വേണമെന്നുള്ള നാട്ടുകാരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ജനപ്രതിനിധികൾ റോഡ് നിർമിക്കുമെന്ൻ ഉറപ്പ് നൽകുമെങ്കിലും ഇതുവരെയും നടപ്പായില്ല. വാഹനം കടന്നുപോകുന്ന ഒരു പൊതുവഴി ക്ഷേത്രത്തിലേക്ക് വേണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.