അഞ്ചുതെങ്ങ് : അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് അതിർത്തിയിലെ മീരാൻ കടവ് പുതിയ പാലത്തിന്റെ അടിയിലായി ഒഴിഞ്ഞുകിടക്കുന്ന സർക്കാർ ഭൂമിയിൽ ജലോത്സവ നടത്തിപ്പിനായി സ്ഥിരം ഗാലറിയും കുട്ടികൾക്കായി പാർക്കും വിശ്രമകേന്ദ്രവുമെന്ന സ്വപ്നം ഇപ്പോഴും പാഴ് സ്വപ്നമായി അവശേഷിക്കുന്നു.
അഞ്ചുതുതെങ്ങ് ജലോത്സവ കമ്മിറ്റിയാണ് ഈ ആവശ്യവുമായി ആദ്യം മുന്നോട്ട് വന്നത്. തുടർന്ന് ഗ്രാമ പഞ്ചായത്ത് മെമ്പർ ടൂറിസം വകുപ്പ് മന്ത്രി കടകം പള്ളി സുരേന്ദ്രൻ, എംഎൽഎ വി ശശി തുടങ്ങിയവർക്ക് സെപ്റ്റംബർ 3ആം തീയതി നിവേദനവും സമർപ്പിച്ചിരുന്നു.
എന്നാൽ ജലോത്സവ വേദിയിലെ പ്രസംഗത്തിൽ വിഷയത്തിൽ ഉടൻ നടപടി സ്വീകരിക്കുമെന്ന ഉറപ്പ് ജനപ്രതിനിധികളുടെ ഭാഗത്ത് നിന്നും ഉണ്ടായെങ്കിലും നാളിതുവരെയും മറ്റു നടപടികളിലേക്കു കടന്നതായുള്ള യാതൊരു സൂചനയും ലഭിച്ചിട്ടില്ല.
പ്രദേശത്ത് പുതിയ പാലം നിർമ്മിച്ചതോടെ പാലത്തിന്റെ അടിയിൽ സാമൂഹ്യവിരുദ്ധർ ലഹരി ഉപയോഗങ്ങൾക്കായി ഉപയോഗപ്പെടുത്തുകയും തന്മൂലം സ്ത്രീകൾക്കും വിദ്യാർത്ഥിനികൾക്കും ഇതുവഴിയുള്ള കാൽനടയാത്രപോലും ദുസഹമാകുകയും ചെയ്തതോടെയാണ് പ്രാദേശികവാസികൾ പരാതികളുമായി രംഗത്ത് വരുന്നത്. മാത്രവുമല്ല പ്രദേശത്തെ വഴിവിളക്കുകൾ തെളിയാത്തതും പോലീസ് പെട്രോളിംഗ് ശക്തമല്ലാത്തതും ഇവിടെ അക്രമണങ്ങൾക്കും പിടിച്ചുപറികൾക്കും വരെ കാരണമാവുന്നെന്ന് നാട്ടുകാർ പറയുന്നു. കൂടാതെ ഈ പ്രദേശവുമായി ബന്ധപ്പെട്ട് അഞ്ചുതെങ്ങിലും കടയ്ക്കാവൂരിലും നിരവധി പോലീസ് കേസുകളും ഉണ്ടായിട്ടുണ്ട്.
ഈ പാലം കേന്ദ്രീകരിച്ചു സാമൂഹ്യ വിരുദ്ധരുടെ മദ്യപാനം, കഞ്ചാവ് വില്പന, അറവുശാലകളിലെ മാലിന്യ നിക്ഷേപം, അനാശാസ്യം തുടങ്ങിയ പ്രവർത്തനങ്ങൾ ശക്തി പ്രാപിച്ചതോടെയാണ് വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി ജലോത്സവ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ പ്രദേശത്ത് ഒരു പാർക്കും ജലോത്സവ ഗാലറിയും എന്ന ആശയവുമായി മുന്നോട്ടു വരുന്നത്. തുടർന്ന് 2017ലെ ജലോത്സവ വേദിയിൽ വച്ച് ഗ്രാമ പഞ്ചായത്ത് മെമ്പർ പ്രവീൺചന്ദ്രയുടെ നേതൃത്വത്തിൽ ബന്ധപ്പെട്ടവർക്ക് നിവേദനം സമർപ്പിക്കുകുകയുമായിരുന്നു.
നിവേദനത്തിലെ പ്രാധാന ആവശ്യങ്ങൾ ഇവയായിരുന്നു. അഞ്ചുതെങ്ങ് ജലോത്സവം പുനർ ആരംഭിച്ചതിന്റെ പച്ഛാത്തലത്തിൽ ഇവിടെ ജലോത്സവ നടത്തിപ്പിനായി ഒരു സ്ഥിരം വേദി ആവശ്യമാണ്. അതിനോടൊപ്പം പ്രദേശത്തെ വികസനം കണക്കിലെടുത്ത് കുട്ടികൾക്കായി ഒരു പാർക്കും മുതിർന്നവർക്ക് പ്രഭാത സഞ്ചാരിയ്ക്കായി ഒരു നടപ്പാതയും ഇതിനൊടൊപ്പം നിർമ്മിക്കണമെന്ന ആവശ്യവുമായിരുന്നു. കൂടാതെ കായൽ സംരക്ഷണത്തിന്റെ ഭാഗമായി ജലഗതാഗതം ശക്തിപ്പെടുത്തുവാനായി ബോട്ട് ക്ലബും ആവശ്യങ്ങളുടെ പട്ടികയിൽ ഇടം നേടിയിരുന്നു. ഇവയിൽ ബോട്ട് ക്ലബ് പ്രവർത്തനം ആരംഭിച്ചിരുന്നെങ്കിലും ആഴ്ചകൾക്കുള്ളിൽ സർവീസ് അവസാനിപ്പിക്കുകയായിരുന്നു. അടിസ്ഥാനസൗകര്യങ്ങളുടെ അഭാവവും സർവീസ് നിലക്കുവാൻ കാരണമായി. മാത്രവുമല്ല കായൽ സഞ്ചാര വകുപ്പിന്റെ പേരിൽ എത്തിച്ചത് വാടക ബോട്ട് ആണെന്നും നാട്ടുകാർ ആക്ഷേപിക്കുന്നു.
പ്രദേശത്തെ സാമൂഹ്യ വിരുദ്ധ പ്രവർത്തഞങ്ങൾക്ക് അറുതി വരുത്തുവാനുതകുന്ന പാർക്ക് എന്ന സ്വപ്നം നാളിതുവരെയായിട്ടും യാഥാർഥ്യമാകാത്തതിൽ പ്രദേശവാസികൾക്ക് കടുത്ത അമർഷമുണ്ട്.