ആറ്റിങ്ങൽ ഗവ കോളേജിലെ ചുറ്റുമതിൽ നിർമ്മാണത്തിനെതിരെ ജനങ്ങൾ

ആറ്റിങ്ങൽ :ആറ്റിങ്ങൽ ഗവ കോളേജിന്റെ പിൻഭാഗത്ത് നിർമ്മിക്കുന്ന ചുറ്റുമതിലിന്റെ അശാസ്ത്രീയത ചൂണ്ടിക്കാണിച്ച് ജനങ്ങൾ പ്രക്ഷോഭത്തിലേക്ക്. രണ്ടു മീറ്റർ വീതിയിലും 5 മീറ്റർ ഉയരത്തിലും കരിങ്കൽ പാറ കൊണ്ട് നിർമിക്കാൻ ഉദ്ദേശിക്കുന്ന മതിലിനെതിരെ ആണ് യാത്രക്കാരും നാട്ടുകാരും ഉൾപെടെ പ്രതിഷേധിക്കുന്നത്. എപ്പോഴും ഗതാഗത തിരക്കുള്ള ആറ്റിങ്ങലിൽ ജനങ്ങൾക്ക് ആശ്വാസമായി ഉപയോഗിക്കാൻ കഴിയുന്ന ഈ റോഡിൽ വലിയ വീതിയിലും ഉയരത്തിലും നിർമ്മിക്കുന്ന മതിൽ കാരണം നിരവധി അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് നാട്ടുകാർ പറയുന്നു.

ആറ്റിങ്ങൽ എംഎൽഎ അഡ്വ ബി സത്യന്റെ നിർദേശംപോലും കണക്കിലെടുക്കാതെയാണ് പ്രിൻസിപ്പാൾ സ്വയം ഇഷ്ടപ്രകാരം വൻ അപകടങ്ങൾക്ക് കരിക്കുകൾ നിൽക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. 2 മീറ്റർ വീതിയിലും 5 മീറ്റർ ഉയരത്തിലും എൽ ഷേപ്പിൽ നിർമ്മിക്കുന്ന മതില് ബ്ലൈൻഡ് സ്പോട്ട് ആയി മാറും. തുടർന്ന് എതിർദിശയിൽ നിന്ന് വരുന്ന വാഹനങ്ങൾ കാണാതെ വാഹനങ്ങളുടെ കൂട്ടിയിടി ഉണ്ടാവും. എന്നാൽ മതിലിന്റെ വീതി കുറയ്ക്കുന്നതും സി ഷേപ്പിലേക്ക് മാറ്റി കെട്ടിയാലും ഒരുപരിധിവരെ അപകടങ്ങൾ ഒഴിവാക്കാനാകും. റോഡിന്റെ വീതി നഷ്ടപ്പെടുത്തുന്ന രീതിയിലാണ് നിലവിൽ മതിൽ നിർമ്മാണത്തിന് മുതിരുന്നത്. മാത്രമല്ല 5 മീറ്റർ ഉയരത്തിൽ മതിൽ കെട്ടുമ്പോൾ 11 കെവി ലൈൻ മുകളിൽ കൂടി കടന്നു പോകുന്നു എന്നതും ശ്രദ്ധിക്കേണ്ട വിഷയമാണ്. വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കായി അതും കണക്കിലെടുക്കണം. ധാരാളം കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന ഭാഗത്താണ് ഇത്തരത്തിൽ അശാസ്ത്രീയമായ രീതിയിൽ മതിൽ നിർമിക്കാൻ ഒരുങ്ങുന്നത്. പ്രദേശത്ത് ഇതിനെതിരെ വൻ ജനരോഷമാണ് ഉയരുന്നത്.