വികസനം യാഥാർത്ഥ്യത്തിലേക്ക്: ആറ്റിങ്ങൽ നാലുവരിപ്പാതയുടെ നിർമാണോദ്ഘാടനം ഫെബ്രുവരി 15-ന്

ആറ്റിങ്ങൽ: ആറ്റിങ്ങൽ നാലുവരിപ്പാതയുടെ നിർമാണപ്രവർത്തനങ്ങൾ ഫെബ്രുവരി 15-ന് മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്യും. സർക്കാർ ഏറ്റെടുത്ത പദ്ധതി വേഗത്തിൽ പൂർത്തിയാക്കാനാണ് തീരുമാനം. പൂവമ്പാറമുതൽ‍-മൂന്നുമുക്കുവരെ നിലവിലെ ദേശീയപാതയാണ് നാലുവരിയായി വികസിപ്പിക്കുന്നത്.

നഗരത്തിന്റെ ശാപമായ ഗതാഗതക്കുരുക്കിന് പരിഹാരമായി നിർദേശിക്കപ്പെട്ടതാണ് നാലുവരിപ്പാത. നാറ്റ്പാക് നടത്തിയ പഠനത്തെത്തുടർന്നാണ് പദ്ധതി ആസൂത്രണം ചെയ്തത്. നാലുവരിപ്പാതയുടെ നിർമാണത്തിനായി 22.75 കോടി രൂപയും പദ്ധതിക്കായി പൊളിക്കുന്ന മതിലുകൾ പുനർനിർമിക്കുന്നതിന് 2.02 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

പുറമ്പോക്കും സർക്കാർ ഓഫീസുകളോടനുബന്ധിച്ചുള്ളതുമായ ഭൂമി ഏറ്റെടുത്തുകൊണ്ടാണ് പദ്ധതി നടപ്പാക്കുന്നത്. പൂവമ്പാറമുതൽ മൂന്നുമുക്ക് വരെ റോഡ് 20 മീറ്റർ വീതിയിൽ വികസിപ്പിക്കാനായിരുന്നു പദ്ധതി. ഭൂമിയേറ്റെടുക്കുമ്പോൾ നഷ്ടപരിഹാരം നല്കാൻ വ്യവസ്ഥയില്ല. സ്വകാര്യവ്യക്തികൾ സൗജന്യമായി നല്കുന്ന ഭൂമികൂടി ഏറ്റെടുത്തുകൊണ്ട് പദ്ധതി നടപ്പാക്കാമെന്നായിരുന്നു തീരുമാനം. എന്നാൽ, സൗജന്യമായി ഭൂമി വിട്ടുകൊടുക്കാൻ സ്വകാര്യവ്യക്തികൾ തയ്യാറാകാതിരുന്നതോടെ ഒരുഘട്ടത്തിൽ പദ്ധതി അനിശ്ചിതത്വത്തിലായി.

പുറമ്പോക്കും സർക്കാർവകുപ്പുകളുടെ ഭൂമിയും ഏറ്റെടുത്ത് പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചു. ഇതനുസരിച്ച് പുറമ്പോക്ക് ഒഴിപ്പിക്കാനാരംഭിച്ചപ്പോൾ ഏതാനുംപേർ ഹൈക്കോടതിയെ സമീപിച്ചു. കോടതിയെ സമീപിച്ചവരുടെ വാദംകൂടി കേട്ടശേഷം നടപടികൾ പൂർത്തിയാക്കി പുറമ്പോക്ക് ഒഴിപ്പിക്കാൻ നിർദേശമുണ്ടായി. അതനുസരിച്ചുള്ള നടപടികൾ പൂർത്തിയാക്കിയതായും ഉടൻതന്നെ ബാക്കി കൈയേറ്റംകൂടി ഒഴിപ്പിക്കുമെന്നും നഗരസഭാധ്യക്ഷൻ എം.പ്രദീപ് പറഞ്ഞു.

ബി.സത്യൻ എം.എൽ.എ. ഇടപെട്ട് വിളിച്ചുചേർത്ത ഉന്നതതലയോഗത്തിൽ 20 മീറ്റർ എന്ന നിബന്ധന ഒഴിവാക്കുകയും ഭൂമി ലഭ്യമാകുന്നയിടങ്ങളിൽ പരമാവധി വീതിയിൽ റോഡ് നിർമിക്കാനും നാലുവരിപ്പാതയ്ക്കൊപ്പം പാലസ് റോഡും വികസിപ്പിക്കാനും പദ്ധതി ആസൂത്രണം ചെയ്തു. ഇതനുസരിച്ചുള്ള നടപടിക്രമങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.

പൊളിച്ചുനീക്കിയ സർക്കാരോഫീസുകളുടെ മതിലുകൾ പുനർനിർമിച്ചു തുടങ്ങി. പുതിയ രൂപരേഖ തയ്യാറാക്കുന്നതിനുള്ള സർവേ നടപടികൾ അന്തിമഘട്ടത്തിലാണ്. രണ്ടുദിവസംകൊണ്ട് ഇത് പൂർത്തിയാകും.

രൂപരേഖ തയ്യാറായാലുടൻ കരാർ നടപടികൾ പൂർത്തിയാക്കി നിർമാണപ്രവർത്തനങ്ങളിലേക്ക്‌ കടക്കുമെന്ന് നഗരസഭാധ്യക്ഷൻ പറഞ്ഞു. 15-ന് ആറ്റിങ്ങൽ മിനി സിവിൽസ്റ്റേഷൻ വളപ്പിലാണ് യോഗം