ഈ മുട്ടനാടിന്റെ വില ഒരുലക്ഷത്തി അയ്യായിരം രൂപ, ഭരതന്നൂരിൽ നടന്നത് റെക്കോർഡ് ലേലം

കല്ലറ: ഒരു മുട്ടനാടിനു കൊടുത്ത വില കേട്ടാൽ അമ്പരക്കും. ഭരതന്നൂർ കൊച്ചുവയൽ പുലിച്ചാവർകാവ് അർദ്ധനാരീശ്വര ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി ഭരതന്നൂർ ജംഗ്ഷനിൽ നടന്ന ലേലത്തിൽ ആടിന് റെക്കാഡ് വിലയാണ് ലഭിച്ചത്. ഒരുലക്ഷത്തി അയ്യായിരം രൂപയ്ക്കാണ് ആട് ലേലത്തിൽ പോയത്.

ഐ.പി.എല്ലിലെ താരലേലത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലായിരുന്നു മുട്ടനാടിനുവേണ്ടിയുള്ള ലേലം നടന്നത്. കാരണം സാധാരണ മാർക്കറ്റ് വിലയിൽ ഇരുപത് കിലോയുള്ള മുട്ടനാടിന്റെ വില 15,000 രൂപയ്ക്ക് താഴെ മാത്രമാണ്. എന്നാൽ ക്ഷേത്രത്തിൽ കൊച്ചുവയൽ സ്വദേശി ലളിതകുമാരി നേർച്ചയായി സമർപ്പിച്ച ചാരനിറത്തിലുള്ള ആടിനെ കാക്കാണിക്കര സ്വദേശി നസീറാണ് മോഹവില നൽകി സ്വന്തമാക്കിയത്. ജംഗ്ഷനിൽ വൈകിട്ട് 5ന് തുടങ്ങിയ ലേലം രാത്രി 9.30നാണ് അവസാനിച്ചത്. സാധാരണക്കാരുടെ വീറും വാശിയും നിറഞ്ഞ ഈ ലേലം കാണാനും പങ്കടുക്കാനുമായി നിരവധി ആളുകളാണ് എത്തിയത്. ക്ഷേത്രത്തിലേക്കുള്ള ധനശേഖരണാർത്ഥം നടന്ന ലേലമായതിനാൽ നിരവധിപേരുടെ പങ്കാളിത്തവും ഉണ്ടായിരുന്നു.