വിദ്യാര്‍ഥികളെ സീറ്റുകളില്‍ നിന്ന്‌ എഴുന്നേല്‍പ്പിക്കാന്‍ ബസ്‌ ജീവനക്കാര്‍ക്ക്‌ അധികാരമില്ല: ഹൈക്കോടതി

സംസ്ഥാനത്തെ സ്വകാര്യ ബസുകളില്‍ വിദ്യാര്‍ഥികളോട് വിവേചനം പാടില്ലെന്ന് ഹൈക്കോടതി. സീറ്റ‌് ഒഴിവുണ്ടെങ്കിലും ബസുകളില്‍ വിദ്യാര്‍ഥികളെ ഇരിക്കാന്‍ അനുവദിക്കാത്ത സാഹചര്യം എറണാകുളത്ത‌് ഉണ്ടോയെന്നും ഹൈക്കോടതി ചോദിച്ചു. വിദ്യാര്‍ഥികള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ഇളവ‌് അനുവദിക്കാന്‍ സ്വകാര്യബസ് ഉടമകള്‍ക്ക‌് ബാധ്യതയില്ലെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷനും മറ്റു ചിലരും സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്ബോഴാണ് പരാമര്‍ശം.

സീറ്റുകള്‍ ഒഴിഞ്ഞുകിടന്നാലും വിദ്യാര്‍ഥികളെ ബസ് ജീവനക്കാര്‍ ഇരിക്കാന്‍ സമ്മതിക്കുന്നില്ലെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട കോടതി ഇക്കാര്യത്തില്‍ അന്വേഷണം നടത്തണമെന്ന് കഴിഞ്ഞയാഴ്ച ഇടക്കാല ഉത്തരവിട്ടിരുന്നു. അന്വേഷണറിപ്പോര്‍ട് സമര്‍പ്പിക്കാന്‍ ഒരാഴ്ചകൂടി സമയം വേണമെന്ന് വ്യാഴാഴ്ച സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇത് കോടതി അംഗീകരിച്ചു. റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റികള്‍ക്ക് കീഴില്‍ ഇത്തരം സംഭവങ്ങള്‍ നടക്കുന്നുണ്ടോയെന്നത് സംബന്ധിച്ച്‌ റിപ്പോര്‍ട്ടാണ് സമര്‍പ്പിക്കേണ്ടത്. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.