ആറ്റിങ്ങൽ റോഡ് വികസനത്തിന് തപാൽ വകുപ്പ് സഹകരിക്കണം- ഡോ. എ. സമ്പത്ത് എം.പി

ന്യൂഡൽഹി: ജനകീയ പങ്കാളിത്തത്തോടെ കേരളാ സർക്കാരും ആറ്റിങ്ങൽ നഗരസഭയും ഏറ്റെടുത്തിട്ടുള്ള ദേശീയ പാതാ വികസനത്തിന് തപാൽ വകുപ്പ് സഹകരിക്കണമെന്ന് ഡോ.എ. സമ്പത്ത്. എം. പി. ആവശ്യപ്പെട്ടു. കേരളാ സർക്കാരിന്റെയും ആറ്റിങ്ങൽ നഗരസഭയുടെയും 117 വ്യക്തികളുടെയും കൈവശമുണ്ടായിരുന്നതിൽ നിന്നും നിലവിലുള്ള NH 47 വീതി കൂട്ടുന്നതിന് സൗജന്യമായി കുറേ ഭൂമി ലഭ്യമായിട്ടുണ്ട്. ആറ്റിങ്ങൽ പട്ടണം വഴി കടന്നു പോകുന്ന മൂന്നുമുക്ക് മുതൽ ടി.ബി ജംഗ്ഷൻ വരെ 18 മീറ്ററിലേറെ വീതിയിൽ വികസിപ്പിക്കാൻ കഴിയുന്നതാണ് പ്ലാനിംഗ് ബോർഡിന്റെ അംഗീകാരത്തോടുകൂടി നടപ്പാക്കപ്പെടുന്ന ആറ്റിങ്ങൽ മോഡൽ.

രാജഭരണകാലത്ത് തപാൽ സർവീസ് നടത്താനുള്ള ‘അഞ്ചലാപ്പീസ്’ തുടങ്ങുന്നതിനുവേണ്ടി സൗജന്യമായി വിട്ടുനൽകിയ ഭൂമിയിലാണ് ഇന്നത്തെ ഹെഡ് പോസ്റ്റ് ഓഫീസും, പാസ്‌പോർട്ട് സേവാ കേന്ദ്രവും പ്രവർത്തിക്കുന്നത്. റോഡ് വികസനത്തിനായി 1 R സ്ഥലം തപാൽ വകുപ്പ് സൗജന്യമായി സംസ്ഥാന സർക്കാരിന് തിരിച്ചു നൽകണമെന്ന് കേന്ദ്ര കമ്മ്യൂണിക്കേഷൻസ് വകുപ്പ് മന്ത്രി മനോജ് സിൻഹക്ക് നൽകിയ നിവേദനത്തിൽ ഡോ. എ. സമ്പത്ത്.എം. പി. ആവശ്യപ്പെട്ടു.