ജില്ലയിൽ വീണ്ടും ATM തട്ടിപ്പ്, ലക്ഷങ്ങൾ നഷ്ടപ്പെട്ടതായി പരാതി

പേയാട്: പേയാട് സ്വദേശിയുടെ എസ്.ബി.ഐ അക്കൗണ്ടിൽ നിന്ന് എ.ടി.എം വഴി ലക്ഷങ്ങൾ പിൻവലിച്ചതായി പരാതി. പേയാട് സരസ്വതി ഭവനിൽ ജയകുമാരൻ നായരുടെ അക്കൗണ്ടിൽ നിന്നാണ് പണം നഷ്ടപ്പെട്ടതയി കാണിച്ച് പട്ടം സൈബർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുന്നത്. രണ്ട് ലക്ഷം രൂപ നഷ്ടപ്പെട്ടതായാണ് പരാതിയിൽ പറയുന്നത്. വലിയവിളയിലെ എസ്.ബി.ഐ ബാങ്കിലാണ് ജയകുമാരൻ നായർക്ക് അക്കൗണ്ടുള്ളത്. ആധാരമെഴുത്തുകാരനായ ഇദ്ദേഹം കഴിഞ്ഞ 12ന് അക്കൗണ്ടിൽ അഞ്ചുലക്ഷം രൂപ നിക്ഷേപിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇതിൽ നിന്ന് രണ്ടു ലക്ഷം രൂപ പിൻവലിക്കാൻ ശ്രമിച്ചപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. മൂന്നു ലക്ഷം രൂപ മാത്രമാണ് അക്കൗണ്ടിൽ ബാക്കിയുണ്ടായിരുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ 14​​-ാം തീയതി മുതൽ പന്ത്രണ്ട് തവണയായി അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ചതായി ബാങ്ക് അധികൃതർ അറിയിച്ചു. ബിഹാറിലെ എ.ടി.എമ്മിൽ നിന്നാണ് പണം പിൻവലിക്കപ്പെട്ടിരിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. സാധാരണ പണം അക്കൗണ്ടിൽ വന്നാലും പിൻവലിച്ചാലും ബാങ്കിൽ നിന്ന് സന്ദേശങ്ങൾ ലഭിക്കാത്തതിനെത്തുടർന്ന് പണം നഷ്ടപ്പെട്ട കാര്യം ബാങ്കിലെത്തിയപ്പോഴാണ് അറിഞ്ഞതെന്ന് ജയകുമാരൻ നായർ പറയുന്നു. സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇതിന് മുൻപും ജില്ലയിൽ ATM തട്ടിപ്പ് നടന്നിട്ടുണ്ട്.