ക്യാമറ മിഴിയടച്ചിട്ടു നാളുകളായി, മിഴി തുറക്കാത്ത അധികാരികളും

കടയ്ക്കാവൂർ: കടയ്ക്കാവൂരിൽ നിരീക്ഷണ കാമറകൾ മിഴിയടച്ച് മൂന്ന് മാസം കഴിഞ്ഞിട്ടും പ്രവർത്തനയോഗ്യമാക്കുന്നില്ലെന്ന് പരാതി. കടയ്ക്കാവൂർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി മുപ്പത് കാമറകളാണ് സ്ഥാപിച്ചത്. കടയ്ക്കാവൂർ എസ്.എൻ.ഡി.പി ശാഖാ പ്രവർത്തകരുടെയും അന്നത്തെ കടയ്ക്കാവൂർ സി.ഐ ആയിരുന്ന മുകേഷിന്റെയും ശ്രമ ഫലമായി ‘വിഷൻ കടയ്ക്കാവൂർ’ എന്ന പേരിൽ ഒരു സംഘടന രൂപീകരിച്ച് പ്രവാസികൾ, വ്യാപാരി വ്യവസായി എന്നിവരുടെ സഹകരണത്തോടെയായിരുന്നു കാമറകൾ സ്ഥാപിച്ചത്. ഇതോടെ പ്രദേശത്തെ കുറ്റകൃത്യങ്ങൾ നിയന്ത്രിക്കാനും സാധിച്ചിരുന്നു. അടിയന്തരമായി നിരീക്ഷണ കാമറകൾ പ്രവർത്തിപ്പിക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.