എക്സൈസിനെ പറത്തി കഞ്ചാവുമായി പാഞ്ഞ പെരുങ്കുഴി സ്വദേശികൾ പിടിയിൽ

തമിഴ്നാട്ടിൽ നിന്നു കാറിൽ കടത്തിക്കൊണ്ടു വന്ന കഞ്ചവ് സംഘത്തെ നെയ്യാറ്റിൻകര എക്സൈസ് സ്ക്വാഡ് സിഐ രാജേഷും സംഘവും ചേർന്ന് നെയ്യാറ്റിൻകരയിൽ പിടി കൂടി. കാറും കഞ്ചാവും കാറിലുണ്ടായിരുന്ന രണ്ട് പേരേയും കസ്റ്റഡിയിലെടുത്തു. പെരുങ്കുഴി സ്വദേശികളായ ശബരീനാഥും(40), അഖിലും(26) ആണ് പിടിയിലായത്. ഇരുവരും കൊലക്കേസുകളിലെ പ്രതികളാണെന്ന് എക്സൈസ് സംഘം പറഞ്ഞു. എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കാത്ത് നിന്ന് പിടികൂടുകയായിരുന്നു.

എക്സൈസ് സംഘം സഞ്ചരിച്ച വാഹനത്തെ ഇടിച്ച് തെറിപ്പിച്ച് കടക്കാൻ നടത്തിയ ശ്രമം ഇവരെ  പിൻതുടർന്ന എക്സൈസ് സംഘം വിഫലമാക്കി. എങ്കിലും ഒരാൾ വെട്ടിച്ച് കടന്നു. സ്ഥിരമായി കമ്പത്ത് നിന്നു കഞ്ചാവ് കടത്തുന്ന ഇവർ അവിടെ നിന്നു തിരിച്ചിട്ടുണ്ടന്ന് കമ്മിഷണർക്ക് വിവരം കിട്ടി. അതിന്റെ അടിസ്ഥാനത്തിലാണ് പിടികൂടാൻ സിഐ.രാജേഷിനേയും സംഘത്തെയും നിയോഗിച്ചത്.
എക്സൈസ് സംഘത്തെ കണ്ട് അമരവിള ഭാഗത്ത് നിന്നു ഇടറോഡിലേക്ക് തിരിഞ്ഞ് നെയ്യാറ്റിൻകര എത്തി പൂവാർ റോഡിലേക്ക് കടന്ന് വാഹനം ഉപേക്ഷിച്ച് ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും രണ്ട് പേരെ പിൻതുടർന്ന് പിടിക്കുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന കഞ്ചാവിൽ നല്ലൊരു ഭാഗവും കളിയിക്കാവിളയിൽ വിറ്റതായി അവർ എക്സൈസിന് മൊഴി നൽകി. രണ്ട് പേരെയും രാത്രി മജിസ്ട്രേട്ടിന് മുന്നിൽ ഹാജരാക്കി.