ശിക്ഷ കഴിഞ്ഞിറങ്ങി പോലീസായി തട്ടിപ്പ്, പോലീസ് പൊക്കി അകത്തിട്ടു

നെടുമങ്ങാട് : പൊലീസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പു നടത്തിയ തിരുവനന്തപുരം നെടുമങ്ങാട് സഫൂറ മൻസിലിൽ ആഷിഖ് എന്ന സുലൈമാനെ(45) തിരുവമ്പാടി പൊലീസ് പിടികൂടി. മോഷണക്കേസിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ പ്രതി മുക്കം, തിരുവമ്പാടി, താമരശ്ശേരി തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിലേക്ക് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥനെന്നു പറഞ്ഞ് ഫോണിൽ ബന്ധപ്പെട്ട് വിവിധ ആവശ്യങ്ങൾ ഉന്നയിക്കുകയായിരുന്നു.
സംസാരത്തിൽ സംശയം തോന്നിയ പൊലീസ്, സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ നീക്കത്തിലാണ് ഇയാൾ വലയിലായത്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നു കൂടരഞ്ഞി ബസ് സ്റ്റാൻഡ് പരിസരത്തുള്ള ഒരു കടയിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ചത് ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.